കൂത്തുപറമ്പില്‍ ഒറ്റപ്പെട്ടാല്‍ പേടിക്കണ്ട; ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസെത്തും

knr-koothuparambuകൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിലോ മറ്റോ ഒറ്റപ്പെട്ടു പോകുന്നവര്‍ ഇനി ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല. ബസ്സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റിലെ ഒരു ബട്ടണില്‍ വിരമലര്‍ത്തിയാല്‍ ഉടന്‍ പോലീസ് കുതിച്ചെത്തും. പോലീസ് സേവനം ഉടന്‍ ലഭ്യമാക്കുന്ന നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ വിരല്‍ തുമ്പില്‍ എന്ന പദ്ധതി അടുത്ത ദിവസം തന്നെ പ്രവര്‍ത്തനസജ്ജമാകും. നഗരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിരമായി പോലീസ് സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

പോലീസ് സേവനം ആവശ്യമുള്ളവര്‍ ബസ്സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റില്‍ സ്ഥാപിച്ച ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൊട്ടടുത്ത കാമറ ഓണാകും. അപ്പോള്‍ ബട്ടണ്‍ അമര്‍ത്തുന്നയാള്‍ക്ക് പോലീസ് സ്‌റ്റേഷനുമായി ആശയ വിനിമയം നടത്താനാകും. ഇതിനായുള്ള അത്യാധുനിക കാമറ എയ്ഡ്‌പോസ്റ്റില്‍ സ്ഥാപിച്ചു കഴിഞ്ഞു. ബട്ടണും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് കാമറ കണക്ഷന്‍ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പദ്ധതി പ്രവര്‍ത്തനസജ്ജമാകും. സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന യൂണിറ്റാവും ഇത്.

Related posts