കേന്ദ്രം ഇടപെടുന്നു! ദളിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവം: അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം

Smrithiചങ്ങരംകുളം : എടപ്പാള്‍ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19)യാണ്  കര്‍ണാടകയിലെ കലബുറഗി (ഗുല്‍ബര്‍ഗ)യിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ റാഗിംഗിനു ഇരയായത്. ഇതുസംബന്ധിച്ച് രണ്ടു സീനിയര്‍ മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

അശ്വതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍, റാഗിംഗ്  നിയമം തടയല്‍  എന്നിങ്ങനെ വകുപ്പുകള്‍ ചുമത്തി കേസ്. സംഭവവുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദീഖ് പന്താവൂര്‍ മന്ത്രിക്കു ഇമെയില്‍ സന്ദേശമയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

അശ്വതി കര്‍ണാടകയിലെ പഠന സ്ഥലത്ത് ക്രൂരമായ റാഗിംഗിനു ഇരയായ സംഭവത്തില്‍ കേരള – കര്‍ണാടക സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടും. കലബുറഗിയിലെ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു കക്കൂസ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്നു അശ്വതിയുടെ അന്നനാളത്തിനു ഗുരുതര  പൊള്ളലേറ്റിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട് പ്രതികള്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ്  കേന്ദ്രത്തില്‍ നിന്നു ഉറപ്പു ലഭിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നത്. കേസിന്റെ വിശദ വിവരങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇരു സര്‍ക്കാരുകളോടും ആവശ്യപെട്ടതായാണ് അറിയുന്നത്. ഇതിനിടെയാണ് കേരള പോലീസ് രണ്ടു പേര്‍ക്കെതിരേ കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഒന്നും ബന്ധുക്കള്‍ക്ക് അറിയില്ലെന്നാണ് കുട്ടിയുടെ ചികിത്സക്കു നേതൃത്വം നല്‍കുന്ന അമ്മാവന്‍ ഭാസ്കരന്‍ പറഞ്ഞത്. ഇതുവരെയും കേരള – കര്‍ണാടക സര്‍ക്കാരുകളുടെ ഭാഗത്തു നിന്നോ കോളജിന്റെ ഭാഗത്തു നിന്നോ എന്തെങ്കിലും നീക്കങ്ങളുണ്ടായതായും അറിയില്ലെ ന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ അവസ്ഥയില്‍ കാര്യമായ പുരോഗതിയില്ല. അശ്വതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

അന്നനാളം ചുരുങ്ങിയിരിക്കുന്നതിനാല്‍ മൂന്നുമാസം  കഴിഞ്ഞശേഷം മാത്രമേ ശസ്ത്രക്രിയ നടത്താനാകൂവെന്നാണ് അധികൃതര്‍  പറയുന്നത്. ചികിത്സ ചെലവുകള്‍ വഹിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ വ്യക്തമായ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. അന്നനാളം പൊള്ളലേറ്റതു മൂലം ഭക്ഷണം പോലും കഴിക്കാനാകാതെ കഴിഞ്ഞ 45 ദിവസമായി അശ്വതി അവശനിലയിലാണ്. ദ്രാവകരൂപത്തിലുളള ഭക്ഷണം ട്യൂബ് വഴിയാണ് അശ്വതിക്ക് നല്‍കുന്നത്. അതേസമയം കൊല്ലം, ഇടുക്കി സ്വദേശിനികളായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞതുള്‍പ്പെടെയുളള കാര്യങ്ങളെല്ലാം അശ്വതി തന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Related posts