ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മേജര്‍ രവിയ്‌ക്കൊപ്പം ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍! പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാകരുതേയെന്ന് സോഷ്യല്‍മീഡിയ

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ അദ്ദേഹം ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആര്‍എസ്എസ് കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്ന രീതിയിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വിശ്വശാന്തി ട്രസ്റ്റ്. ഇതിന്റെ പ്രധാനികളെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്.

ആലുവയിലായിരുന്നു യോഗം നടന്നത്. ആര്‍എസ്എസ് സംഘ്ചാലക് പിഇബി മേനോന്റെ വീട്ടിലായിരുന്നു യോഗം. ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ബിജെപി സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

അറിയപ്പെടുന്ന ആര്‍എസ്എസ് അനുകൂലിയായ മേജര്‍ രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും ആര്‍എസ്എസിന്റെ പാളയത്തിലേക്ക് എത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. അടുത്ത ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സിനിമാ മേഖലയില്‍ നിന്നും മറ്റും പ്രമുഖരെയും സംഘപരിവാര്‍ പാളയത്തിലേയ്ക്ക് എത്തിക്കുന്നതിനായി ശ്രമങ്ങള്‍ നടന്നു വരുന്നതനിടെ മോഹന്‍ലാലിന്റെ ആര്‍എസ്എസ് മീറ്റിംഗിലെ സാന്നിധ്യം ആക്ഷേപങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്.

 

 

Related posts