കേരള എന്‍സിസിയുടെ 32ാം ബറ്റാലിയന് സ്വന്തമായി ആസ്ഥാനം വരുന്നു

KNR-NCCതളിപ്പറമ്പ്: കേരള എന്‍സിസിയുടെ 32ാം ബറ്റാലിയന് സ്വന്തമായി ആസ്ഥാനം വരുന്നു. രണ്ടുകോടി രൂപ ചെലവില്‍ മൂന്നേക്കര്‍ ഭൂമിയില്‍ എടാട്ട് രണ്ടു നിലകളിലായിട്ടാണ് ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നതെന്ന് ലഫ്. കേണല്‍ ടി.ടി. മുരളി പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 11ന് ടി.വി. രാജേഷ് എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്യും. 1996ല്‍ പയ്യന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കാസര്‍ഗോഡ് ജില്ല പൂര്‍ണമായും കണ്ണൂര്‍ ജില്ലയുടെ പകുതിഭാഗവും ഉള്‍ക്കൊള്ളുന്ന 32ാം ബറ്റാലിയനില്‍ 17 സ്കൂളുകളിലും ആറു കോളജുകളിലുമായി 1700 കാഡറ്റുകളാണുള്ളത്.

ഇവര്‍ക്കുള്ള ഫയറിംഗ് ഒഴികെ മറ്റ് എല്ലാ പരിശീലനങ്ങളും ഇവിടെ നടക്കും. എഡിജി മേജര്‍ജനറല്‍ രാകേഷ്ത്യാഗി മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ രാജാറാം, പിഡബ്ലുഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ടി.എസ്. സിന്ധു, പയ്യന്നൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് കെ. രാമചന്ദ്രന്‍, ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് എന്നിവര്‍ പ്രസംഗിക്കും.

17 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ആര്‍മി, എന്‍സിസി വിഭാഗങ്ങളിലെ നൂറോളം പേര്‍ പങ്കെടുക്കും. പയ്യന്നൂര്‍ എജ്യുക്കേഷന്‍ സൊസൈറ്റി സൗജന്യമായി എന്‍സിസിക്ക് നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. ഡേവിഡ് വേഗസ്, കെ. ശശികുമാര്‍, അമിത് ശര്‍മ്മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts