കൊച്ചി: കോഴി കച്ചവടക്കാര്‍ക്കു നികുതി വെട്ടിപ്പിന് ഒത്താശ ചെയ്തുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. മാണിക്കുവേണ്ടി അഡ്വ. എം.കെ. ദാമോദരനാണ് ഹൈക്കോടതിയില്‍ ഹാജരായത്. കോഴി മൊത്തക്കച്ചവടക്കാര്‍ക്കു നികുതിയിളവ് നല്കാന് കെ.എം. മാണി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതായി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബ്രോയ്ലര്‍ കോഴി മൊത്തവിതരണക്കാരനായ തോംസണ്‍ ഗ്രൂപ്പ് ഉടമ ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമാക്കല്‍ പി. ടി. ഡേവിസും ബന്ധുക്കളും നടത്തിയ നികുതിവെട്ടിപ്പ് എഴുതിത്തള്ളിയതിലൂടെ 65 കോടി രൂപയും ആയുര്വേദമരുന്നുകമ്പനികള്ക്ക് നികുതി കുറച്ചു കൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടംവരുത്തിയെന്ന് ആരോപിച്ച് അഡ്വ. നോബിള്‍ മാത്യു നല്കിയ പരാതിയിലാണ് കേസ്.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ ത്വരിതപരിശോധനയില്‍ മന്ത്രിയും ഉദ്യോഗസ്ഥനും മറ്റ് പ്രതികളും കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം.മാണി കോടതിയെ സമീപിച്ചിരിക്കുന്നത്.