കോട്ടയം: കോടിമത-മണിപ്പുഴ നാലുവരിപാതയില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പോലീസ്. ആധുനിക രീതിയില്‍ നാലുവരി പാത പുനര്‍ നിര്‍മിച്ചതിനുശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ണും പൂട്ടി ഇതുവഴി പായുന്നവരുടെ വേഗക്കുതിപ്പിനു ഇനി പൂട്ടുവീഴുമെന്നുറപ്പാണ്.
രണ്ടു കാമറകളാണ് ഇവിടെ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. മാസങ്ങള്‍ക്കു മുമ്പു തന്നെ ഇവിടെ കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. കാമറ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നാലുവരിപാതയില്‍ നിയമ ലംഘനം നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് വീട്ടിലെത്തും.17 ലക്ഷം രൂപ മുടക്കി കഴിഞ്ഞ സെപ്റ്റംബറിലാണ് മോട്ടോര്‍ വാഹന വകുപ്പ് കോടിമത- മണിപ്പുഴ നാലുവരിപ്പാതയില്‍ രണ്ടുസ്ഥലങ്ങളിലായി കാമറ സ്ഥാപിച്ചത്. അത്യാധുനിക സംവിധാനത്തോടെ സ്ഥാപിച്ച കാമറകള്‍ എറണാകുളത്തെ കണ്ട്രോള് റൂമിനെയും ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി വരുകയാണ്.
അമിത വേഗത്തിലും നിയമം ലംഘിച്ചും പായുന്ന വാഹനങ്ങളെ പിടികൂടുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഇവിടെ കാമറ സ്ഥാപിച്ചത്്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും അടക്കമുള്ളവ ഗതാഗത നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് അമിത വേഗതയില്‍ സഞ്ചരിക്കുന്നതെന്നു വ്യാപക പരാതി ഉയര്‍ന്നിരുന്നു. കാമറയ്ക്കൊപ്പം വേഗ നിയന്ത്രണ സിഗ്നല്‍ ബോര്‍ഡുകള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു മോട്ടോര്‍ വാഹന വകുപ്പ്.