കോട്ടയം-എറണാകുളം റെയില്‍പാത: രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

KTM-RAILകടുത്തുരുത്തി:കോട്ടയം-എറണാകുളം റെയില്‍പാതയില്‍ പിറവം റോഡിനും കുറുപ്പന്തറയ്ക്കു മിടെയിലുള്ള  രണ്ടാംഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ഇതുവഴിയുള്ള  ട്രെയിന്‍ഗതാഗതം അടുത്ത മാസത്തോടെ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. ഇരട്ടവരി പാതയുമായി ബന്ധപെട്ട് ജോലികള്‍ പൂര്‍ത്തിയായി ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം ആരംഭിക്കുന്നതോടെ ട്രെയിന്‍ യാത്രയില്‍ സമയലാഭവും ഉണ്ടാവും.

ഇരട്ടിവരി പാതയുമായി ബന്ധപെട്ട് നടന്നുവരുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കോട്ടയം-എറണാകുളം ലൈനില്‍ ക്രോസിംഗിനായി ട്രെയിനുകള്‍ പിടിച്ചിടുന്ന ഏക സ്റ്റേഷന്‍ ഏറ്റുമാനൂര്‍ മാത്രമായി ചുരുങ്ങും. ഇതുമൂലം കോട്ടയം-എറണാകുളം യാത്രയില്‍ ട്രെയിനുകള്‍ക്ക് 20-30 മിനിറ്റോളം  സമയത്തില്‍ കുറവുണ്ടാകും. കുറുപ്പന്തറ, ആപ്പാഞ്ചിറയിലെ വൈക്കം റോഡ്, വെള്ളൂരിലെ പിറവം റോഡ് റെയില്‍വേ സ്റ്റേഷനുകളിലെല്ലാം ഒന്നിലധികം ട്രെയിനുകള്‍ക്ക് ഒരേസമയം സ്റ്റേഷനില്‍ കിടക്കാനുള്ള സൗകര്യങ്ങളാണ് ലഭ്യമാകുന്നത്.

ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ വഴി മാറുന്നതിനായി പല സ്റ്റേഷനുകളിലും പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതു ചിലപ്പോള്‍ മണിക്കൂറുകള്‍ വരെ യാത്രക്കാര്‍ക്ക് സമയനഷ്ടം ഉണ്ടാക്കിയിരുന്നു. ഈ അവസ്ഥയ്ക്ക് പൂര്‍ണമായ പരിഹാരം കാണുമെന്നത്   യാത്രക്കാരെ സംബന്ധിച്ചടുത്തോളം ഏറേ നേട്ടമാണ്.പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളോറിംഗ് ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പാളം ഉറപ്പിക്കല്‍ ജോലികളും അവസാനഘട്ടത്തിലാണ്.

പിറവം റോഡ് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട സ്റ്റേഷനായ ആപ്പാഞ്ചിറയിലെ വൈക്കം റോഡില്‍ പ്ലാറ്റ് ഫോമിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വൈക്കം റോഡില്‍ പഴയ പ്ലാറ്റ് ഫോം പൊളിച്ചു  പുതിയത് നിര്‍മിക്കുകയും പഴയ പാളം ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് വൈക്കം റോഡില്‍ രണ്ടു കിലോമീറ്റര്‍ ദൂരം പാളം മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം പുതിയ കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. അടുത്ത മാസം തന്നെ എറണാകുളം മുതല്‍ കുറുപ്പന്തറ വരെ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts