ഗോപിനാഥിനു കുത്തേറ്റ സംഭവം: അന്വേഷണം കാര്യക്ഷമമല്ലെന്നു മക്കളുടെ പരാതി

bLOODകൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപിനാഥിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ഗൂഢാലോചന പോലീസിനു കണെ്ടത്താനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മക്കള്‍  മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി. സംഭവത്തില്‍ വിശദമായും ശാസ്ത്രീയമായും അന്വേഷണം വേണമെന്ന് മക്കളായ ദിവ്യയും വൃന്ദയും മുഖ്യമന്ത്രിക്ക് ഇമെയിലില്‍ അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല, എന്നാല്‍ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്. ആക്രമണം നടത്തിയ ആള്‍ വാടക കൊലയാളിയാണോയെന്നു സംശയിക്കുന്നു. അക്രമിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ എട്ടിനാണ് പാലാരിവട്ടത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരായ സമരം ഉദ്ഘാടനം ചെയ്തശേഷം നടന്നുനീങ്ങിയ ഗോപിനാഥിനു കുത്തേറ്റത്. പ്രതി ഉണ്ണികൃഷ്ണനെ പിടികൂടിയെങ്കിലും  സിപിഎമ്മിനോടുള്ള വിരോധംകൊണ്ടാണ് ഗോപിനാഥിനെ കുത്തിയതെന്നായിരുന്നു മൊഴി. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക്  പരാതി അയച്ചത്.  പരാതിയുടെ പകര്‍പ്പ് ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയുമായി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഗോപിനാഥിനെ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍, പാര്‍ട്ടിപോലും വേണ്ട ഗൗരവം സംഭവത്തിന് കൊടുക്കുന്നില്ലെന്ന ധ്വനിയായിരുന്നു അദ്ദേഹത്തിന്റെ മറുപടിയില്‍. വിശദമായി അന്വേഷണം നടക്കാതെ പാര്‍ട്ടിയിലും വിഷയം അപ്രസക്തമാവുകയാണെന്നും ഗോപിനാഥ് പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണെ്ടന്നും താന്‍ ഗുണ്ടാആക്രമണത്തിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണെന്നും തന്റെ രാഷ്ട്രീയത്തെ ഭയക്കുന്നവരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.പിടിയിലായ പ്രതി പോലീസിനു നല്‍കിയ മൊഴി വിശ്വാസയോഗ്യല്ല. സിപിഎമ്മിനോടു തനിക്ക് കടുത്ത വിരോധമാണ്. അതുകൊണ്ടാണ് വയനാട്ടില്‍നിന്നു കൊച്ചിയിലെത്തി തന്നെ കുത്തിയതെന്നാണു പ്രതി പറയുന്നത്. 25 വര്‍ഷമായി വയനാട്ടില്‍ താമസിച്ചിരുന്ന ഇയാള്‍ തന്നെ ആക്രമിക്കാന്‍ വേണ്ടി തന്നെയാണ് കൊച്ചിയില്‍ വന്നതെന്നും കൊച്ചിയില്‍ മുറി വാടകയ്‌ക്കെടുത്ത് തന്നെ ആക്രമിക്കാന്‍ അവസരം നോക്കി നടന്നതായും പറയുന്നു. ആക്രമിക്കപ്പെടുന്നതിന് മുമ്പ് താന്‍ പങ്കെടുത്ത മൂന്നു യോഗങ്ങളിലും പ്രതി പങ്കെടുത്തതായും പറയുന്നുണ്ട്.

തന്നോട് യാതൊരു വിധ വ്യക്തിവൈരാഗ്യവുമില്ലെന്നും അയാള്‍ തന്നെ പറയുന്നു. എന്നാല്‍  ഇവയൊന്നും  വിശ്വാസയോഗ്യമല്ലെന്നും തന്നെ രാഷ്ട്രീയമായി ഭയപ്പെടുന്നവരാണ് സംഭവത്തിനു പിന്നില്ലെന്നും ഗോപിനാഥ് ആരോപിച്ചു.  പരാതി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ പാര്‍ട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തങ്ങള്‍ അച്ഛന്റെ പക്ഷം ചേര്‍ന്നാണ് സംസാരിക്കുന്നതെന്നുമുള്ള പോസ്റ്റും പ്രത്യക്ഷപ്പെട്ടു. കഴുത്തിനു കുത്തേറ്റ ഗോപിനാഥ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോഴും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രിവിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related posts