ബംഗളൂരു: ഐപിഎലില്‍ ഇന്ന് സതേണ്‍ ഡെര്‍ബി. സ്വന്തം തട്ടകമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കരുത്തു കാട്ടനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പുതിയ ക്യാപ്റ്റന്റെ കീഴില്‍ പുത്തനുദയത്തിനായി സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി എട്ടിനാണു മത്സരം.
ബാംഗളൂര്‍ കൊള്ളാം, പക്ഷേ…
സീസണ് ഒന്‍പതിലെ മികച്ച ബാറ്റിംഗ് ടീം ഏതാണെന്നു ചോദിച്ചാല്‍ ഏവരും ഒരേ സ്വരത്തില്‍ പറയുക റോയല്‍ ചലഞ്ചേഴ്സെന്നാകും. വിരാട് കോഹ്ലി നയിക്കുന്ന ടീമിന്റെ ബാറ്റിംഗ് കരുത്തിനു കടലോളം ആഴം. ഇടിവെട്ട് എ.ബി. ഡിവില്യേഴ്സ്, കാളക്കൂറ്റന് ക്രിസ് ഗെയ്ല്, ഷെയ്ന് വാട്സണ്, ടീനേജ് സെന്സേഷന് സര്‍ഫ്രസ് ഖാന് എന്നിവരെല്ലാം ടീമിലുണ്ട്. ഇതിലും മികച്ചൊരു ബാറ്റിംഗ് നിര സ്വപ്നങ്ങളില്‍ മാത്രം. ഡല്‍ഹി ഡെയര്‍ ഡെവിള്സില്നിന്ന് ടീമിലെത്തിയ ട്രാവിസ് ഹെഡാകും ഇത്തവണ ശ്രദ്ധാകേന്ദ്രം. 50 ലക്ഷം രൂപയ്ക്കാണ് വെടിക്കെട്ട് താരത്തിനായി മുടക്കിയത്. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ 299 റണ്‍സോടെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതായിരുന്നു ഹെഡ്. സ്ട്രൈക്ക്റേറ്റ് 155.
ബൗളിംഗില്‍ പക്ഷേ അത്ര സേഫല്ല കാര്യങ്ങള്‍. പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് എക്സ്പ്രസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ലെന്നു പ്രഖ്യാപിച്ചതു ബാംഗളൂരിന് വലിയ തിരിച്ചടിയായി. വിന്‍ഡീസിനു ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സാമുവല്‍ ബദ്രിയുടെ കാര്യവും സംശയത്തിലാണ്. ഫൈനലില്‍ ക്യാച്ചെടുക്കുന്നതിനിടെ ബദ്രിക്കു പരിക്കേറ്റിരുന്നു. ടീമിനൊപ്പം ഉണെ്ടങ്കിലും ഡോക്ടര്‍മാരുടെ കര്‍ശനനിരീക്ഷണത്തിലാണ് ടോപ്സ്പിന്നര്.
ആഭ്യന്തര താരങ്ങളെ ഉപയോഗിച്ച് ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിപ്പിക്കേണ്ട ഗതികേടിലാണ് കോഹ്ലി. വരുണ്‍ ആരോണ്‍, ശ്രീനാഥ് അരവിന്ദ്, സ്റ്റുവര്‍ട്ട് ബിന്നി, അബു നെച്ചിം പര്‍വേസ് റസൂല്‍ തുടങ്ങിയവരാണ് പ്രധാന ബൗളര്‍മാര്‍. എതിരാളികളെ തളയ്ക്കാന്‍ ഇവര്‍ക്ക് എത്രമാത്രം സാധിക്കുമെന്നു കണ്ടറിയണം. മലയാളിതാരം സച്ചിന് ബേബി ടീമിലുണെ്ടങ്കിലും അന്തിമ ഇലവനില്‍ അവസരം ലഭിച്ചേക്കില്ല.
ഉദിച്ചുയരാന്‍ ഹൈദരാബാദ്
ലീഗില്‍ മൂന്നു വര്‍ഷത്തിന്റെ ചെറുപ്പം മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന്റേത് വല്ലാത്തൊരു യാത്രയാണ്. ആദ്യസീസണില്‍ പ്ലേ ഓഫ് കളിച്ച് ഏവരെയും ഞെട്ടിച്ച ടീമിന് കഴിഞ്ഞ രണ്ടു സീസണുകളില്‍ കാര്യമായൊന്നും ചെയ്യാനായില്ല. അവസാന രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതാണ് കഴിഞ്ഞ വര്‍ഷം പ്ലേഓഫ് കളിക്കാനാകാതെ വന്നത്.
ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തിയാണ് ഹൈദരാബാദ് വരുന്നത്. ശിഖര്‍ ധവാനെ മാറ്റി വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനമേല്പിച്ചു. യുവ്രാജ് സിംഗിനെ ടീമിലെത്തിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട വാങ്ങല്‍. മുംബൈയുടെ ആദിത്യ താരെയും ടീമിലെത്തി. ഇയേണ്‍ മോര്‍ഗനെ ടീമില്‍ നിലനിര്‍ത്താനായതും അവര്‍ക്ക് നേട്ടമായി. ഒറ്റനോട്ടത്തില്‍ സന്തുലിതമായ ടീമെന്നു സണ്‍റൈസേഴ്സിനെ വിശേഷിപ്പിക്കാം.
ഐപിഎലിലെ മികച്ച ബൗളിംഗ് നിരയാണ് ടീമിന്റേത്. ബംഗ്ലാദേശിന്റെ ബൗളിംഗ് സെന്സേഷന് മുസ്റ്റാഫിസൂര്‍ റഹ്മാന്റെ സാന്നിധ്യമാണ് എതിരാളികളെ ഭയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. വെറ്ററന്‍ സൂപ്പര്‍ ആശിഷ് നെഹ്റ, ഭുവനേശ്വര്‍ കുമാര്‍ ബരിന്ദര്‍ സ്രാന്‍, കരണ്‍ ശര്‍മ… ബൗളിംഗിലൂടെ കളി ജയിക്കാമെന്നാണ് കോച്ച് ടോം മൂഡിയുടെ പ്രതീക്ഷ.