ചിലന്തി കാട്ടിയ വഴി

spപ്രകൃതിയിലെ നിരവധി പ്രത്യേകതകളുള്ള ജീവികളിലൊന്നാണ് ചിലന്തി. ശരീരത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന സ്രവംകൊണ്ടാണ് ഇരപിടിക്കാനായി ചിലന്തി വല കെട്ടുന്നത്. ഈ വല നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണെന്നുള്ളത് പ്രകൃതിയുടെ ശാസ്ത്ര തത്വം. ദ്രവ രൂപത്തില്‍ ചിലന്തിയുടെ ശരീരത്തില്‍നിന്നു വരുന്ന പ്രത്യേക സ്രവം അന്തരീക്ഷവായുവുമായി കൂടിച്ചേര്‍ന്ന് ഖനീഭവിച്ച് ഉറപ്പുള്ള നൂലാകുന്നു.

സ്റ്റീലിനെക്കാളും മൂന്നു മടങ്ങ് വലിച്ചുനീട്ടാവുന്നതും കെവ്‌ലാറിനെക്കാളും മൂന്നു മടങ്ങ് ഉറപ്പുള്ളതുമാണ് ചിലന്തിനൂല്‍. റബറിനെപ്പോലെ ഇലാസ്റ്റിക് പ്രത്യേകതയും ഈ നൂലിനു സ്വന്തം. യഥാര്‍ഥ നീളത്തില്‍നിന്നു അനവധി മടങ്ങ് വലിച്ചുനീട്ടാനുമാകും. ഈ പ്രത്യേകതകളില്‍നിന്നു കൃത്രിമമായി ചിലന്തിനൂല്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും പാരീസിലെ പിയറി, മേരി ക്യൂറി യൂണിവേഴ്‌സിറ്റിയും. ഖരപദാര്‍ഥം പോലെ വലിച്ചുനീട്ടാവുന്നതും ചുരുക്കിയാല്‍ ദ്രാവകമാകുന്നതുമാണ് ഈ കൃത്രിമ ചിലന്തിവല.

ചുരുക്കിയാല്‍ വെള്ളത്തിനു സമാനമായ പശപോലെയുള്ള പദാര്‍ഥമായി നൂല്‍ മാറുന്നു. അതേസമയം വലിച്ചുനീട്ടിയാല്‍ ഉറപ്പുള്ള നൂലായി മാറുകയും ചെയ്യും.

പശയുള്ള ആയിരക്കണക്കിനു ചെറു കണികകളാണ് ചിലന്തിവലയ്ക്ക് ഒട്ടാനുള്ള ശേഷി നല്കുന്നത്. ഇതു കാരണമാണ് ഇതില്‍ ചെറിയ ഷഡ്പദങ്ങള്‍ ഒട്ടിപ്പിടിക്കുക.

പുതിയ കണ്ടുപിടുത്തം വിജയകരമായതോടെ നിത്യോപയോഗത്തിലുള്ള നിരവധി കാര്യങ്ങള്‍ക്ക് ഈ ദ്രവ നൂല്‍ ഉപയോഗിക്കാന്‍ കഴിയും.

Related posts