ചുട്ടുപൊള്ളുന്ന വെയില്‍; കുടിവെള്ള പദ്ധതികള്‍ വരളുന്നു

TVM-DAMVATTIകാട്ടാക്കട:  നെയ്യാര്‍ അണക്കെട്ട് രൂക്ഷമായ വരള്‍ച്ചയിലേക്ക്. ജനുവരിയില്‍ തുടങ്ങിയ വരള്‍ച്ച മാര്‍ച്ചില്‍ എത്തിയപ്പോള്‍ കൂടുതലായി. ഇതോടെ കുടിവെള്ള വിതരണ പദ്ധതികള്‍ ഉള്‍പ്പടെ നിറുത്തി വയ്‌ക്കേണ്ട നിലയിലാകുമെന്നാണ് സാഹചര്യങ്ങള്‍ കാണിക്കുന്നത്. നെയ്യാര്‍ഡാമിന്റെ 3.5 ചതുരശ്രകി.മീറ്റര്‍ വിസ്തൃതിയുള്ള ഡാമിന്റെ സംഭരണ പ്രദേശത്ത് ഏതാണ്ട് 60 ശതമാനം ഭാഗത്തും വരള്‍ച്ച പിടിമുറുക്കി കഴിഞ്ഞു. ചിലയിടങ്ങളില്‍ ഡാം വറ്റി വരണ്ടു കഴിഞ്ഞു. കടുത്ത വേനലില്‍ വിണ്ടുകീറി കിടക്കുന്ന നെയ്യാര്‍ഡാം ഇപ്പോള്‍ സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്.

എപ്പോഴും ജലസാന്നിധ്യം കാണാറുള്ള  കാപ്പുകാട്, ഒരുവപ്പാറ, കൊമ്പൈ ക്കാണി , മുല്ലയാര്‍, വള്ളിയാര്‍ തുടങ്ങിയ ഇടങ്ങളില്‍ വെറും സമതലപ്രദേശങ്ങള്‍ മാത്രം. അഞ്ചാള്‍ താഴ്ചയില്‍ വരെ വെള്ളം കെട്ടി കിടക്കുന്ന ചിലയിടങ്ങളിലൂടെ അക്കരെ ഇക്കരെ നടന്നു പോകാമെന്ന് നിലയാണ്. ഡാമില്‍ ഇപ്പോള്‍ 78  മീറ്റര്‍  വെള്ളമേ ഉള്ളു. കഴിഞ്ഞ തവണ 84. 750 മീറ്റര്‍ ജലനിരപ്പ് ഉണ്ടായിരുന്നു. പരമാവധി 84.75ം മീറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിവുള്ള ഡാമാണിത്.    സംഭരണശേഷി അനുദിനം കുറഞ്ഞു വരുന്ന ഡാമില്‍ കൃഷിക്കാര്‍ക്ക് നല്‍കാന്‍ 30 ദിവസത്തെ വെള്ളമേ ഉള്ളു എന്ന് അധികൃതര്‍ പറഞ്ഞു. ജലനിരപ്പ് 79 മീറ്റര്‍ ആകുമ്പോള്‍ സംഭരണിയില്‍ 55 മീറ്റര്‍ ക്യൂബ് വെള്ളം കാണേണ്ടതാണ്. എന്നാല്‍  അധികൃതര്‍ നടത്തിയ പഠനത്തില്‍ ഇത്രയും ജലനിരപ്പില്‍ 24 മീറ്റര്‍ ക്യൂബ് വെള്ളമാണ് ഉള്ളതെന്ന് കണ്ടെത്തി. അതായത് കാണേണ്ടതില്‍ പകുതി വെള്ളമാണ് ഉള്ളത്.

അടുത്തിടെ കമ്മീഷന്‍ ചെയ്ത കാളിപ്പാറ പദ്ധതി ഉള്‍പ്പടെ ഡാമിനെ ആശ്രയിച്ച് വിവിധ ഭാഗങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികളാണ് ഉള്ളത്. കാളിപ്പാറ പദ്ധതിക്കായി ദിനവും 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നത്. അതിനു പുറമേ മറ്റ് സ്ഥലങ്ങളിലും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് അണക്കെട്ട് വെള്ളമാണ്.  ഡാം അധികൃതര്‍ കഴിഞ്ഞ തവണ അധികമായി വെള്ളം തുറന്നു വിടാതിരുന്നതിന്റെ ഫലമാണ് ഈ വരള്‍ച്ചയില്‍ പോലും  ഇത്രയും ജലം ഉണ്ടാവാന്‍ കാരണം. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നദികള്‍ മിക്കതും വരണ്ടുവരികയാണ്. അഗസ്ത്യമലനിരകളില്‍ നിന്നും ഉദ്ഭവിക്കുന്ന കല്ലാര്‍, നെയ്യാര്‍, മുല്ലയാര്‍, വള്ളിയാര്‍ തുടങ്ങി 18 ഓളം നദികളില്‍ നീരൊഴുക്ക് ഇല്ല.

അതിനാലാണ് ഡാമിലും വെള്ളം എത്താതത്. 54 സ്ക്വയര്‍ കി.മീറ്റര്‍ ക്യാച്ച്‌മെന്റ് ഏരിയ ഉള്ള ഡാമില്‍ അതിന്റെ പകുതിയും വരണ്ടതായി അധിക്യതര്‍ കണ്ടെത്തിയിട്ടുണ്ട്. ഡാമിനകത്ത് മണ്ണടിഞ്ഞതും അനധികൃത കുടിയേറ്റവും സംഭരണശേഷി കുറച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ഇപ്പോള്‍ സംഭരിച്ചിരിക്കുന്ന ജലം എത്ര നാള്‍ തികയുമെന്ന് പറയാന്‍ കഴിയാത്ത നിലയാണ്. ഡാമിനെ ആശ്രയിച്ച് നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലായി നിരവധി കുടിവെള്ള പദ്ധതികളാണ് ഉള്ളത്.

അതിനുപുറമെ കൃഷിയ്ക്ക് ആവശ്യമായ വെള്ളവും. ഡാം വരണ്ടാല്‍ ഇതൊക്കെ പ്രതിസന്ധിയിലാക്കും. 36000 ഹെക്ടര്‍ ഭാഗത്ത് വെള്ളം എത്തിച്ച് കൃഷി നടത്താനായി നിര്‍മ്മിച്ച ഡാം ഇപ്പോള്‍ അതിനും കഴിയാത്ത  നിലയിലായി. ആദിവാസികള്‍ക്ക് ആശ്രയം ഡാമാണ്. അവര്‍ക്കും കുടിവെള്ളം മുട്ടും. മാത്രമല്ല കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ വെള്ളം തേടി പുറംഭാഗത്ത് എത്തി തുടങ്ങി കഴിഞ്ഞു.   ഇതാകട്ടെ ആദിവാസികള്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്.

അതിനു പുറമേ നെയ്യാര്‍ നദിയില്‍ നിന്നും വെള്ളം നഗരത്തില്‍ എത്തിക്കാന്‍ വമ്പന്‍ പദ്ധതി പുന്നാവൂര്‍ അരുവിക്കരയില്‍ വരാന്‍ പോകുകയാണ്. അത് കൂടിയാകുമ്പോള്‍ വരള്‍ച്ചയില്‍ കുടിവെള്ളം  കിട്ടാക്കനിയാകും . മാത്രമല്ല ഭൂഗര്‍ഗജലസോത്രസ് കൂടിയായ ഡാം വരളുന്നത് ആശങ്കയോടെയാണ് നിവാസികളും അധികൃതരും കാണുന്നത്. ഡാമില്‍ അടിഞ്ഞിരിക്കുന്ന മണ്ണും മണലും മാറ്റിയാല്‍ സംഭരണ ശേഷി കൂട്ടാനും അത് വഴി കൂടുതല്‍ വെള്ളം ശേഖരിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts