കോതമംഗലം: സര്‍ക്കാര്‍ കോളജില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധമുയരുന്നു. ചേലാട് ഗവ.പോളിടെക്നിക്ക് കോളജ് ലേഡീസ് ഹോസ്റ്റലിനാണ് ഈ ദുര്‍വിധി.ഹോസ്റ്റല്‍ മന്ദിരത്തിനാവശ്യമായ സുരക്ഷാ സൗകര്യങ്ങളൊന്നും നടപ്പാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. സമീപത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏതാനും പേയിംഗ് ഗസ്റ്റ് വീടുകള്‍ക്കും സ്വകാര്യ ഹോസ്റ്റലുകള്‍ക്കും ഇതു നേട്ടമായിരിക്കുകയാണ്.
അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമായിട്ടില്ല. പോളിടെക്നിക്കിലേക്ക് വിദൂര സ്ഥലങ്ങളില്‍ നിന്ന് പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്കായി മൂന്നു വര്‍ഷം മുമ്പാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഹോസ്റ്റല്‍ ആരംഭിച്ചത്.ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഹോസ്റ്റല്‍.
ലക്ഷങ്ങള്‍ മുടക്കി മന്ദിരം നിര്‍മിക്കുകയും 2013ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹോസ്റ്റലിലേക്ക് അധികൃതര്‍ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല.കാടു കയറി സാമൂഹ്യദ്രോഹികളുടെ താവളമായി മാറിയ ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിരവധി പ്രാവശ്യം സമരം നടത്തിയിരുന്നു.സമരക്കാര്‍ക്ക് വാഗ്ദാനം നല്കിയതല്ലാതെ ഹോസ്റ്റല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരികള്‍ നടപടിയെടുത്തില്ല.
വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനം ലഭ്യമാക്കുന്നതിനു വേണ്ട സൗകര്യങ്ങളൊന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നുണ്ടായില്ല.ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയോ,ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയോ ചെയ്തില്ല.പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ട സൗകര്യങ്ങളുടെ അഭാവവും പ്രവേശനത്തിനു മുഖ്യതടസമാണ്.ചുറ്റുമതില്‍ പോലും നിര്‍മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.ഉദ്ഘാടന ചടങ്ങില്‍ തന്നെ ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്.പിന്നീടൊരിക്കല്‍ ഇതേമന്ത്രി കാമ്പസിലെത്തിയപ്പോഴും ഹോസ്റ്റല്‍ പ്രശ്നം ഉയര്‍ന്നിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന മന്ദിരത്തിനു കേടുപാടുകളും സംഭവിച്ചുതുടങ്ങിയിട്ടുണ്ട്. ദൂരെസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ ഇപ്പോള്‍ സമീപ വീടുകളില്‍ പേയിംഗ് ഗസ്റ്റായും സ്വകാര്യ ഹോസ്ററലുകളിലുമായാണ് കഴിയുന്നത്. ഇതുമൂലം ഒട്ടേറെ പ്രശ്നങ്ങള്‍ വിദ്യാര്‍ഥിനികള്‍ നേരിടുന്നുണ്ട്. ഹോസ്റ്റലിന്റെ അഭാവം കാരണം വിദ്യാര്‍ഥിനികള്‍ക്ക് ചേലാട് പോളിടെക്നിക്കില്‍ പ്രവേശനം നേടുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.