മുണ്ടക്കയം: മുണ്ടക്കയത്തെ ഗതാഗത കുരുക്ക് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ദുസഹമായ സാഹചര്യത്തില്‍ നടപടികളുമായി പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനകള്‍ സ്ഥാപിച്ച കൊടിമരങ്ങളും സ്തൂപങ്ങളും നീക്കം ചെയ്തു. ബസ് സ്റ്റാന്ഡിനുള്ളിലെയും ഫുട്പാത്തിലെയും വഴിവാണിഭ കച്ചവടക്കാരെ ഒഴിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി എസ്ഐമാരായ ഫ്രാന്‍സിസ്, ജെര്‍ലിന്‍ വി. സ്കറിയ, ഷിന്റോ പി. കുര്യന്, പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടന്നത്. കൊടിമരങ്ങളും സ്തൂഭങ്ങളുടെ ഒഴിവാക്കിയ കവാടത്തില്‍ പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുകയും കമാനം സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന ബസ്സ്റ്റാന്‍ഡില്‍ 15 മിനിറ്റില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നിലവില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തുനിന്നു കുറച്ചുകൂടി പുറകിലേക്കു മാറ്റി ബസുകള്‍ പാര്‍ക്ക് ചെയ്യിപ്പിച്ചു. ഇത് റണ്‍വേയ്ക്ക് കൂടുതല്‍ സ്ഥലം ലഭിക്കുന്നതിനാല്‍ അപകടം ഒരു പരിധി വരെ ഒഴിവാക്കുന്നതിനു കാരണമാവുമെന്നാണു പ്രതീക്ഷ. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസ് അല്ലാതെയുള്ള വാഹനങ്ങള്‍ കയറിയാല്‍ പിഴ നല്‍കണം. ഇതിനു പകരമായി സ്റ്റാന്‍ഡിനു പിന്നിലെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്റ്റേജ് പരിപാടികള്‍ നിരോധിച്ചു.
ഇതിന് പരിഹാരമായി കംഫര്‍ട്ട് സ്റ്റേഷന് മുകളില്‍ മണ്ണെടുത്ത് കിടക്കുന്ന സ്ഥലത്ത് പരിപാടികള്‍ക്ക് അനുവാദം നല്‍കും. സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന ബസുകള്‍ റണ്‍വേയില്‍ നിര്‍ത്തി യാത്രികരെ കയറ്റുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പുറപ്പെടുന്ന ബസുകള്‍ റണ്‍വേയില്‍ നിര്‍ത്തുന്നതു നിരോധിച്ചു. സ്റ്റാന്‍ഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചരക്ക് കയറ്റുന്നതും ഇറക്കുന്നതും രാവിലെ 7.30ന് മുമ്പും രാത്രി ഏഴിന് ശേഷവുമാക്കി.
പാതയോരത്തും കോസ്വേ കവലയിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു. പകരം ബസ് സ്റ്റാന്‍ഡിന് മുകളില്‍ മണ്ണെടുത്ത പ്രത്യേക സ്ഥലത്തും കോസ്വേയിലെ പൊതു മാര്‍ക്കറ്റിന് താഴെഭാഗത്തും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് കിണര്‍ സ്ലാബിട്ട് മൂടി സംരക്ഷിക്കും. എന്നാല്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗതാഗത പരിഷ്കാരങ്ങളോട് ജോയിന്റ് ആര്‍ടിഒ സഹകരിച്ചില്ലെന്നും ഇതിനെതിരേ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെന്നും സെക്രട്ടറി അറിയിച്ചു. മുണ്ടക്കയത്ത് പഞ്ചായത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ടൗണിലെ വഴിവാണിഭക്കാരെ ഒഴിപ്പിക്കുന്നു.