കോട്ടയം: കോട്ടയം മാങ്ങാനത്തെ വില്ലയിലും ക്ലിനിക്കിലും മോഷണം നടത്തിയ കേസില് പിടിയിലായ സംഘത്തലവന്റെ കുട്ടാളികളെ ഉടന് പിടികൂടും. മധ്യപ്രദേശിലെ ഗാന്ധ്വാനി താലൂക്കില് ജെംദാ ഗ്രാമത്തില് ഗുരു സജന് (മഹേഷ്41 ) നെയാണ് ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന സംഘം ഗുജറാത്തില്നിന്നു സാഹസികമായി പിടികൂടിയത്. ഇയാളുടെ സംഘത്തില്പ്പെട്ട മോഷണത്തിന് എത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒന്പതിനു പുലര്ച്ചെയാണ് മാങ്ങാനം സ്കൈലൈന് പാം മെഡോസിലെ 21ാം നമ്പര് വില്ലയില്നിന്ന് 50 പവന് സ്വര്ണാഭരണങ്ങളും സമീപത്തുള്ള ആയുഷ്മന്ത്ര വെല്നസ് ക്ലിനിക്കില് നിന്നും ആയിരുംരൂപയും മോഷടിച്ച് സംഘം കടന്നുകളഞ്ഞത്. കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ച കോട്ടയം ഈസ്റ്റ് പോലീസ് സംഘത്തിനു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില് നിന്നുമാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞത്.
സമാന സ്വഭാവമുള്ള മോഷണങ്ങളെക്കുറിച്ച് അന്വേഷിച്ചതോടെ 2016 ല് കര്ണാടകയില് രാമദുര്ഗ സ്റ്റേഷനില് പരിധിയിൽ കവര്ച്ച നടന്നതായി കണ്ടെത്തി. ഇതോടെയാണ് പോലീസ് ഗുരു സജ്ജനിലേക്ക് എത്തിച്ചേര്ന്നത്. ക്രിമിനല് സ്വഭാവമുള്ളവരും പോലീസിനോട് നേര്ക്കുനേര് സംഘട്ടനത്തില് ഏര്പ്പെടുന്നവരും താമസിക്കുന്ന ജെംദാ വനപ്രദേശത്താണ് ഇവരുടെ സംഘം താമസിച്ചിരുന്നത്. എന്നാല് വിശദമായി നടത്തിയ അന്വേഷണത്തില് ഗുരു സജന് ഗുജറാത്തിലെ ഹോളോബ്രിക്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കിയ പോലീസ് സംഘം ഗുജറാത്തില് എത്തി.
ഇയാള് ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിച്ചുവരികയായിരുന്നു. ജോലിക്കിടിയില് അവധിയെടുത്ത് സംഘത്തില്പ്പെട്ടവരെയും ഒപ്പം കൂട്ടി ട്രെയിനില് കേരളത്തില് എത്തി മോഷണം നടത്തി തിരികെ മടങ്ങുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സംഘത്തില്പ്പെട്ടവരും ജെംദാ ഗ്രാമത്തില് നിന്നുള്ളവരാണ്.
ഗുരു സജന് 2016 ല് കര്ണാടകയില് സ്വര്ണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റള് ഉള്പ്പെടെയുള്ള ആയുധങ്ങള് മോഷ്ടിച്ച കേസിലും പിടിക്കപ്പെട്ടിട്ടുണ്ട്. 2023 ല് ആലപ്പുഴയിലും കോട്ടയത്ത് മോഷണം നടന്നതിന് അടുത്ത ദിവസങ്ങളില് തൃശൂരിലും ഇയാള് മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.