അവിവാഹിത ഗര്‍ഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടികളെയും അവരുടെ അമ്മമാരെയും സമൂഹം ദുഷിച്ചു തള്ളുമ്പോള്‍ അവര്‍ അനുഭവിക്കുന്ന അതിരില്ലാത്ത സങ്കടങ്ങളെ പ്രമേയമാക്കി ഷിമഗിരീഷ് സംവിധാനം ചെയ്ത ജന്മാന്തരങ്ങള്‍ ഹ്രസ്വചിത്രം പൂര്‍ത്തിയായി.
സിനിമയുടെ ആദ്യപടവുകള്‍ ചവിട്ടുന്ന ഒരു വിദ്യാര്‍ഥിനിയാണ് ഷിമ ഗിരീഷ്. ഐഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷിമ സോഷ്യല്‍ വര്‍ക്കിന്റെ ഭാഗമായാണ് ജന്മാന്തരങ്ങള്‍ സംവിധാനം ചെയ്തത്. ഗാനരചനയും തിരക്കഥാരചനയും ഷിമതന്നെ നിര്‍വഹിച്ചു.
അവിവാഹിതയായ അമ്മയുടെയും അച്ഛനില്ലാതെ വളരുന്ന കുട്ടിയുടെയും ഹൃദയവേദനകള്‍ പകര്‍ത്തുമ്പോള്‍ ഇവരെ സമൂഹം എത്രമാത്രം പീഡിപ്പിക്കുന്നു എന്ന സത്യം തന്റെ സിനിമയിലൂടെ കര്‍ക്കശമായ വര്‍ണങ്ങളിലൂടെയും വാക്കുകളിലൂടെയും പകര്‍ത്തിക്കാട്ടുകയാണ് ഷിമ ഗിരീഷ്.
മാഗ്നസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷിമ ഗിരീഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജന്മാന്തരങ്ങളില്‍ ശ്രീദേവിയായി പ്രശസ്ത നടി സീമാ ജി നായരും അനന്തുവായി മാസ്റ്റര്‍ ശ്രീരാഗ് കോവൂരും മുത്തശിയായി സന്ധ്യാ ബാബുരാജും ശ്രീദേവിയുടെ കാമുകനായി നൗഷാദ് ഇബ്രാഹിമും അഭിനയിക്കുന്നു. ഷമീറാണ് മറ്റൊരു നടന്‍.
ക്രിയേറ്റീവ് ഡയറക്ടര്‍ – ജലാല്‍ മേഘ്‌ന, നിര്‍മാണം -ഗിരീഷ് പാച്ചാളി, എഡിറ്റിംഗ് -അരുണ്‍ തോമസ് എകെടി, ഛായാഗ്രഹണം -ഷാഫിഷാ, ഗാനരചന -ഷിമ ഗിരീഷ്, സംഗീതം – അന്‍ഷാദ് തൃശൂര്‍, പശ്ചാത്തല സംഗീതം -ഫഹദ് കൊച്ചിന്‍, മേക്കപ്പ് – ദിനേശ് കോഴിക്കോട്, കണ്‍ട്രോളര്‍ – ജംഷീര്‍ പുറക്കാട്ടിരി, അസോസിയറ്റ് -ഹരിപ്രസാദ്, സ്റ്റില്‍സ് – നിഷാദ് ഐക്കണ്‍.
കോഴിക്കോട് പന്തീരാങ്കാവില്‍ പി.ടി. ഭാസ്കരന്റെയും ശോഭയുടെയും മൂത്ത മകളാണ് ഷിമ.
-ദേവസിക്കുട്ടി