വടകര : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടകര സബ്-ജയില്‍ ചുറ്റുമതിലിന്റെ താല്‍ക്കാലിക നിര്‍മാണം നടത്തും. വടകര പിഡബ്ല്യുഡി ഓവര്‍സിയര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രകാക് സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് താല്‍ക്കാലിക നിര്‍മാണം നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച മതില്‍ പുനര്‍ നിര്‍മാണത്തിനായി ജയില്‍ അധികൃതര്‍ പിഡബ്ല്യുഡി എഞ്ചിനീയര്‍ക്ക് പലതവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ വൈകിയതാണ് ഇതിനു തടസം നേരിട്ടത്. മാത്രമല്ല ടെണ്ടര്‍ എടുക്കാനാളില്ലാത്തതും പ്രശ്‌നമായി. രണ്ട് തവണ ടെണ്ടര്‍ വിളിച്ചിരുന്നു.
പതിനഞ്ചു മീറ്റര്‍ നീളമുള്ള മതിലില്‍ പകുതിയോളമാണ് തകര്‍ന്നത്. ഇനിയൊരു കനത്ത മഴ പെയ്യുകയാണെങ്കില്‍ കാലപഴക്കത്താല്‍ മതില്‍ പൂര്‍ണമായും തകരുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മതില്‍ ഇടിഞ്ഞതറിഞ്ഞ് വകുപ്പ് ഉത്തരമേഖല ജയില്‍ ഡിഐജി ശിവദാസ് കെ. തൈപറമ്പില്‍ ഇവിടെയത്തി സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ചു. മതില്‍ ഇടിഞ്ഞു വീണ സാഹചര്യത്തില്‍ 38 പ്രതികളുള്ള ഇവിടെ നിന്നു 20 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവില്‍ ജയില്‍ സുപ്രണ്ടടക്കം 13 ജീവനക്കാരാണ് സബ്-ജയിലിലുള്ളത്. 15 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സബ്-ജയിലിനായി പുതുപ്പണത്തെ ഇറിഗേഷന്‍ വകുപ്പ് അധീനതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിട നിര്‍മ്മാണം തുടങ്ങണമെന്നായിരുന്നു തീരുമാനം. എന്നാല്‍ നടപടിക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി. നിലവിലുള്ള ജയില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതും മുടങ്ങി. മാത്രമല്ല നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതും, അറ്റകുറ്റപ്പണികള്‍ നടത്തുന്നത് വിജയകരമല്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.