ബെര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവു രേഖപ്പെടുത്തി. ബാള്‍ക്കന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെയാണ് ഈ മാറ്റം.
മാര്‍ച്ചില്‍ മാത്രം അപേക്ഷിച്ചത് ഇരുപതിനായിരത്തോളം പേരാണ്. കഴിഞ്ഞ ഡിസംബറില്‍ ഒന്നേകാല്‍ ലക്ഷം പേര് അപേക്ഷിച്ച സ്ഥാനത്താണിത്. അഭയാര്‍ഥി പ്രവാഹം നേരിടുക എന്നതില്‍ ശ്രദ്ധ മാറ്റാന്‍ സമയമായെന്നും വന്നവരെ എങ്ങനെ ജര്‍മന്‍ സമൂഹത്തിന്റെ ഭാഗമാക്കാമെന്നാണ് ഇനി ചിന്തിക്കാനുള്ളതെന്നും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.
ഇതിനിടെ, യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ച്, അഭയാര്‍ഥികളെ ഗ്രീസില്‍ നിന്നു തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കുന്ന നടപടിയും തുടരുകയാണ്.
എന്നാല്‍ യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ച് തുര്‍ക്കിയില്‍ നിന്നുള്ള ആദ്യ സിറിയന്‍ അഭയാര്‍ഥിയെ ജര്‍മനി സ്വീകരിക്കുകയും ചെയ്തു.
ഗ്രീസില്‍നിന്ന് തുര്‍ക്കി തിരികെ സ്വീകരിക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം, യൂറോപ്യന്‍ യൂണിയനില്‍ ഓരോ അഭയാര്‍ഥിയെ നിയമപരമായി സ്വീകരിക്കണം. ഇതിന്റെ ഭാഗമായി, കുട്ടികളോടു കൂടിയ കുടുംബങ്ങളെയാണ് ജര്‍മനി ഏറെയും സ്വീകരിക്കുന്നത്.
ഈ പദ്ധതിയുടെ നടത്തിപ്പില്‍ മനുഷ്യാവകാശ ലംഘനം ശക്തമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ ആരോപിക്കുന്നു. പല സിറിയന്‍ കുടുംബങ്ങളെയും സംഘര്‍ഷബാധിതമായ സ്വന്തം നാട്ടിലേക്ക് തുര്‍ക്കി നിര്‍ബന്ധിതമായി തിരിച്ചയയ്ക്കുന്നുവെന്നാണ് ആരോപണം.
ഇതിനിടെ, അഭയാര്‍ഥികള്‍ അനിശ്ചിതത്വം നേരിടുന്ന ഗ്രീസില്‍ സ്ഥിതിഗതികള്‍ അനുദിനം വഷളായി വരുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്ന് അഭയാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി വൈകി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തണുപ്പിക്കാന്‍ പോലീസ് കണ്ണീര് വാതകവും പ്രയോഗിച്ചിരുന്നു.
ഗ്രീസില്‍നിന്നു തുര്‍ക്കിയിലേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനുള്ള പദ്ധതി എങ്ങനെ നടപ്പാക്കിയ കാര്യത്തില്‍ ഇനിയും പല വ്യക്തതകളും വന്നിട്ടില്ല. ഇതിനുള്ള തയാറെടുപ്പുകള്‍ ഇരു രാജ്യങ്ങളിലും പര്യാപ്തമല്ലെന്നാണ് സൂചന. അഭയാര്‍ഥികളുടെ കുത്തൊഴുക്ക് അല്ലെങ്കില്‍ വരവ് എങ്ങനേയും ഇല്ലാതാക്കുക എന്നതാണ് ഇയുവിന്റെ പൊതുമാനദണ്ഡം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍