ന്യൂഡല്‍ഹി: തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരപ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം ശക്തമായ മഴയും ഉണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലുമായിരിക്കും ശക്തമായ മഴ പെയ്യുക. തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ച ചെന്നൈയില്‍ റിക്കാര്‍ഡ് മഴയാണ് ലഭിച്ചത്. ഇവിടെ 101 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
അതേസമയം കേരളതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ ഇടപെടല്‍ നടത്താന്‍ തരത്തില്‍ സജ്ജരായിരിക്കാന്‍ നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്തനിവാരണസേന എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.