
കൊണ്ടോട്ടി: ആറ് പതിറ്റാണ്ടിലേറെയായി കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വഴിയടയാളമായി നിലകൊണ്ടിരുന്ന ഒ.കെ.മുഹമ്മദ് ഹാജി(ഒ.കെ.)വിടവാങ്ങി. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് നീറാട് ജുമാമസ്ജിദിൽ നടന്നു. യാത്രക്കാർക്ക് വഴികാട്ടിയായും അശരണർക്ക് സഹായമായും നില കൊണ്ട ഒ.കെ.മുഹമ്മദ് ഹാജി ജാതിമത രാഷ്ട്രീയ കക്ഷിഭേതമന്യേ സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു.
കൊണ്ടോട്ടി പഴയ ബസ് സ്റ്റാൻഡിൽ 14-ാം വയസിൽ എത്തിയ ഒ.കെ.മുഹമ്മദ് ഹാജി ബസുകളുടെ റൂട്ടുകൾ വിളിച്ച് പറഞ്ഞ് യാത്രക്കാർക്ക് സഹായമാവുകയായിരുന്നു.
വിരലിലെണ്ണാവുന്ന ബസുകൾ മാത്രമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പിന്നീട് ബസുകളും യാത്രക്കാരും കൂടിയപ്പോഴും ഒ.കെ.തന്റെ ജീവിതം ബസ് സ്റ്റാൻഡിൽ നിന്ന് മാറ്റിയില്ല. അസുഖ ബാധിതരായി കിടക്കുന്നവർക്ക് സഹായം എത്തിച്ചു നൽകാനും ഒ.കെ.എന്നും മുൻനിരയിലായിരുന്നു.
ഇളം പ്രായത്തിൽ തന്നെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ഒ.കെ.മുഹമ്മദ് ഹാജി ജില്ലക്കകത്തും പുറത്തും അറിയപ്പെടുന്ന പ്രാസംഗികൻ കൂടിയായിരുന്നു.
മൂന്ന് മണിക്കൂർ വരെ പൊതുവേദിയിൽ നിന്ന് പ്രസംഗിക്കാറുണ്ടായിരുന്നവെന്ന് പഴയ കാല മുസ്ലിംലീഗ് പ്രവർത്തകർ ഓർക്കുന്നു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമായിരുന്നു ഒ.കെക്ക് ഉണ്ടായിരുന്നു. മുസ്ലിംലീഗിന്റെ ഏത് ചടങ്ങിലും നേതാക്കൾക്കൊപ്പം ഒ.കെയുടെ സാന്നിധ്യമുണ്ടായിരുന്നു.
ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ചികിൽസയിലായിരുന്ന ഒ.കെ. ഇന്നലെ കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഉദ്ഘാടന പരിപാടിയിൽ സജീവമായിരുന്നു. ഇന്ന് രാവിലെ ഒകെയുടെ മരണവാർത്ത എത്തിയത് നാടിനേയും സൗഹൃദങ്ങളേയും നൊന്പരത്തിലാക്കി.