ജില്ലയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും

alp-mazhaആലപ്പുഴ: ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ ജനജീവിതത്തെ ബാധിച്ചു. ഇന്നലെ രാത്രിയോടെയാണ് മഴ കനത്തത്. മഴയും കടല്‍ക്ഷോഭവും ഒരുപോലെയെത്തിയത് ജില്ലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്.  പല സ്ഥലങ്ങളിലും ശക്തമായ കാറ്റ് മഴയോടൊപ്പമുണ്ടായത് കൃഷിയുള്‍പ്പെടെയുള്ളവയ്ക്ക് നാശമുണ്ടാക്കി. ഇന്ന് രാവിലെ മുതല്‍ മഴ കനത്തത് ജനജീവിതത്തെ ബാധിച്ചു. ജോലിക്കും മറ്റും പോകുന്നതിന് രാവിലെ നിരത്തുകളിലിറങ്ങിയവര്‍ക്കാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്.

മഴയോടൊപ്പം ശക്തമായ കാറ്റുണ്ടായിരുന്നതുമൂലം കുടയുണ്ടായിട്ടും നനഞ്ഞ അവസ്ഥയിലായിരുന്നു യാത്രക്കാര്‍. മഴ ശക്തമായതുമൂലം ലൈറ്റുകള്‍ തെളിച്ചാണ് വാഹനങ്ങള്‍ രാവിലെ നിരത്തിലിറങ്ങിയത്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടായിട്ടുണ്ട്.  കാനകളടഞ്ഞതുമൂലം നഗരത്തിന്റെ പല ഭാഗങ്ങളിലെ റോഡുകളിലും വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ രാത്രി യുണ്ടായ മഴയും ശക്തമായ കാറ്റും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.  കാറ്റില്‍ മരങ്ങള്‍ മറിഞ്ഞ് വീടുകള്‍ തകര്‍ന്ന നിരവധി സംഭവങ്ങളാണുണ്ടായത്. ഫല വൃക്ഷങ്ങളും കാറ്റില്‍ നശിച്ചിരുന്നു.

Related posts