കൊച്ചി: കേരളത്തെയും രാജ്യത്തെയും നടുക്കിയ ജിഷ വധം നടന്നിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുന്നു. പ്രധാനമന്ത്രിയുടെ വരെ ശ്രദ്ധപതിഞ്ഞ കേസില്‍ ഒരു മാസമായിട്ടും പോലീസിനു പ്രതികളെക്കുറിച്ച് അവ്യക്തമായ ചില സൂചനകളും ഊഹങ്ങളുമല്ലാതെ മറ്റൊന്നും കിട്ടിയില്ല. തെളിവുകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ കേരള പോലീസിനെ ഇത്രയേറെ കുഴക്കിയ കൊലക്കേസും അത്യപൂര്‍വം.
സംസ്ഥാനത്തു ഭരണമാറ്റമുണ്ടായശേഷം ജിഷ കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ദക്ഷിണമേഖല എഡിജിപി കെ.പത്മകുമാറിനെ മാറ്റി എഡിജിപി ബി. സന്ധ്യയെ കേസിന്റെ മുഖ്യ ചുമതല ഏല്‍പിച്ചതാണ് ഒരു മാസം തികയുമ്പോഴുള്ള പ്രധാന മാറ്റം. തൊട്ടുപിന്നാലെ ബി. സന്ധ്യ തന്റെ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി.
നേരത്തെയുണ്ടായിരുന്ന സംഘത്തിലെ എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, സിഐ മുഹമ്മദ് റിയാസ്, കുറുപ്പംപടി സിഐ കെ.എന്‍. രാജേഷ് എന്നിവരെയും ഭരണം മാറിയപ്പോള്‍ നീക്കി. തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്പി പി.എന്‍. ഉണ്ണിരാജ അന്വേഷണസംഘത്തിന്റെ ചുമതലയിലുണ്ട്. കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. കൊല്ലം റൂറല്‍ എസ്പി അജിത ബീഗം, എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി പി.കെ. മധു, ഡിവൈഎസ്പിമാരായ സോജന്‍, കെ.എസ്. സുദര്‍ശനന്‍, ശശിധരന്‍, സിഐ ബൈജു പൗലോസ് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവര്‍. സംഘം ഇനിയും വിപുലമാക്കും.
പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പാണു ഇതുവരെ പോലീസിനു കിട്ടിയ പ്രധാന തുമ്പ്. ഡിഎന്‍എ പരിശോധനകള്‍ ഒരുവഴിക്കു നടക്കുന്നുണ്ടെങ്കിലും അതു കൊലയാളിയിലേക്കെത്താന്‍ സഹായിക്കുമെന്നു ഫോറന്‍സിക് വിദഗ്ധര്‍ക്കും പോലീസിനും ഇപ്പോള്‍ കാര്യമായ പ്രതീക്ഷയില്ല. കേസില്‍ ജനങ്ങള്‍ ക്ഷമ പാലിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമാണെന്നും പുതിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യ ഇന്നലെ വ്യക്തമാക്കി. പെരുമ്പാവൂരിലെ ജിഷയുടെ വീടും പരിസരവും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. പുതിയ അന്വേഷണ സംഘത്തിന്റെ പരിശോധനകള്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ ആരംഭിക്കേണ്ടതുണ്ട്.
കൊലയാളിയെ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷയെന്നും അതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ വസ്തുതകളെല്ലാം വിശദമായി പരിശോധിച്ചതായി അവര്‍ പറഞ്ഞു. പെരുമ്പാവൂരിലെത്തിയ ബി. സന്ധ്യയും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനെയും സഹോദരിയേയും സന്ദര്‍ശിച്ചു.
തുടര്‍ന്ന് കൊലപാതകം നടന്ന കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിലെത്തി രണ്ടു മണിക്കൂറോളം പരിശോധന നടത്തി. സമീപത്തെ വീടുകളിലെത്തി അയല്‍വാസികളുമായി സംസാരിക്കുകയുംചെയ്തു. പുതിയ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ പ്രദേശത്തു തടിച്ചുകൂടിയിരുന്നു. സംഘത്തില്‍ ക്രൈംബ്രാഞ്ച് എസ്പിമാരായ ഉണ്ണിരാജ, പി.കെ. മധു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ സോജന്‍, കെ.എസ്. സുദര്‍ശന്‍, ശശിധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ ബൈജു പൗലോസ്, ഷംസു എന്നിവരും ഉണ്ടായിരുന്നു.