ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താം

healthഡോ. സിസ്റ്റര്‍ ബെര്‍ത്ത എസ്എബിഎസ്

ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് ഇന്നു മലയാളികള്‍. അച്ചടക്കമില്ലാത്ത ജീവിതശൈലികളും ഭക്ഷണക്രമങ്ങളും മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പലതും പലരുടെയും ആരോഗ്യത്തിന്റെ താളെ തെറ്റിക്കുന്നു. ചിലരുടെ ആയുസിന്റെ നീളം കുറയ്ക്കുന്നു. പ്രമേഹം ഇത്തരത്തില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ്.

പ്രമേഹം എന്ന പേടിസ്വപ്നം

പ്രമേഹത്തെക്കുറിച്ച് എത്രമാത്രം പറഞ്ഞാലും പഠിപ്പിച്ചാലും എഴുതിയാലും ഇപ്പോഴത്തെ ആളുകളെ സ്വാധീനിക്കുവാന്‍ അതൊന്നും മതിയാവുന്നില്ല എന്നു തോന്നിപ്പോകുകയാണ്. അടുത്തുനിന്നും വിദൂരത്തുനിന്നും തീരാരോഗങ്ങളുമായി (ഞരമ്പുരോഗം, പാദരോഗം, ഹൃദ്രോഗം, വൃക്കരോഗം, നേത്രരോഗം) പ്രമേഹരോഗികള്‍ ആശുപത്രിയില്‍ എത്തുന്നതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. അല്പം ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും വേദനയും കഷ്ടപ്പാടും ഒഴിവാക്കുകയും പണം മുടക്ക് ഇല്ലാതാക്കുകയും ചെയ്യാനാവും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി (ഭക്ഷണത്തിനു മുമ്പ് 126 എംജിയില്‍ കൂടുതലും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറില്‍ 200-ല്‍ കൂടുതലും) ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ചിലരില്‍ ഭക്ഷണത്തിനു മുമ്പ് 100-126 എംജിവരെയും ഭക്ഷണശേഷം 140-200 എംജി വരെയും കാണാം. അവര്‍ പ്രീ-ഡയബറ്റിസ് – പ്രമേഹത്തിന്റെ മുന്നോടിയായുള്ള അവസ്ഥയിലാണ്. ചിലര്‍ക്ക് എഫ്ബിഎസ് മാത്രവും മറ്റുചിലര്‍ക്ക് പിപിബിഎസ് മാത്രവുംകൂടിയിരിക്കും.

ഈ കൂട്ടരെല്ലാം തങ്ങള്‍ക്കു പ്രമേഹരോഗം വരാതിരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുക. അതിനു ശരീരത്തിന്റെ തൂക്കം ക്രമമായ അളവിലായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ശരീരത്തിന്റെ തൂക്കം, പൊക്കം, ഉദരഭാഗത്തിന്റെ ചുറ്റളവ് ഇവ അളക്കുക. ഉത്തമമായ തൂക്കം പുരുഷന്മാര്‍ക്ക് തങ്ങളുടെ ഉയരത്തില്‍ (സെന്റിമീറ്റര്‍) നിന്ന് 100 കുറയ്ക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ്. സ്ത്രീകള്‍ക്ക് ഇങ്ങനെ കിട്ടുന്ന സംഖ്യയില്‍ നിന്നു 10 ശതമാനം കൂടി കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഉത്തമമായ തൂക്കം.

2. ബോഡി മാസ് ഇന്‍ഡെക്‌സ്- തൂക്കത്തെ (കിലോഗ്രാം) ഉയര(മീറ്റര്‍) ത്തിന്റെ വര്‍ഗം കൊണ്ടു ഹരിക്കുന്നോള്‍ കിട്ടുന്ന സംഖ്യയാണ്. 20 മുതല്‍ 24 വരെയാണ് ഉത്തമമായ സംഖ്യ,

3. ഉദരഭാഗം ചുറ്റളവ്: പുരുഷന്മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റിമീറ്ററിലും താഴെയായിരിക്കുന്നതാണ് ഉത്തമം.

ശരിയായ രീതിയില്‍ ഭാരമുള്ളവര്‍ക്ക് ഒരു കിലോഗ്രാം തൂക്കത്തിന് 30 കലോറി വച്ചും അമിതഭാരമുള്ളവര്‍ക്ക് 20 കലോറിവച്ചും തൂക്കം കുറഞ്ഞവര്‍ക്ക് 40 കലോറിവച്ചും ഊര്‍ജം ദിവസേന ആവശ്യമാണ്. പ്രമേഹ സാധ്യതയുള്ളവര്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഭക്ഷണവും വ്യായാമവും അധ്വാനവും ക്രമീകരിച്ചുകൊണ്ട് 4-6 ആഴ്ചകള്‍ നന്നായി പരിശ്രമിക്കുക. അതിനുശേഷം പ്രമേഹത്തെക്കുറിച്ച് അറിയാവുന്ന ഡോക്ടറെ കാണുക. വേറെ പല രോഗങ്ങള്‍ക്കും സാധ്യതയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിയന്ത്രിക്കുക. ജീവിതശൈലിയില്‍ വ്യത്യാസം വരുത്തല്‍ പ്രമേഹരോഗികള്‍ക്കും പ്രീ-ഡയബറ്റിസിനും പാരമ്പര്യമായി കുടുംബത്തില്‍ പ്രമേഹമുള്ളവര്‍ക്കും അത്യാവശ്യംതന്നെ.

പുകവലി, പൊടിവലി എന്നിവ രക്തമൊഴുക്കിന്റെ തകരാറിലേക്കും മദ്യപാനം പഞ്ചസാരയുടെ നിയന്ത്രണത്തകരാറിലേക്കും കരളിന്റെ തകരാറിലേക്കും ഞരമ്പു രോഗത്തിലേക്കും നയിക്കുന്നതിനാല്‍ അവ ഉപേക്ഷിക്കണം.
health1
പ്രമേഹം നാലുതരം

സാധാരണയായി പ്രമേഹം നാലുതരത്തില്‍ കാണപ്പെടുന്നു.

ടൈപ്പ്-1: കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ പാരമ്പര്യത്തിന് കാര്യമായ പങ്കില്ല. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ കേടുവന്നു നശിച്ചുപോയതുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം നിലച്ചുപോകുന്നതിനാല്‍ ഇന്‍സുലിന്‍ പുറമെനിന്നു കൊടുക്കേണ്ടിവരുന്നു. ചിട്ടയുള്ള ജീവിതശൈലി ആരംഭംമുതലേ പാലിക്കണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഇന്‍സുലിന്‍ എടുക്കാന്‍ പഠിക്കുകയും പഞ്ചസാര പരിശോധിച്ച് (ഗ്ലൂക്കോമീറ്റര്‍ വഴിയോ ലാബുവഴിയോ) ഒരു ബുക്കില്‍ ക്രമമായി എഴുതി സൂക്ഷിക്കുകയും ഡോക്ടറെ കാണിച്ച് നിര്‍ദേശങ്ങളോടു സഹകരിക്കുകയും ചെയ്താല്‍ പേടികൂടാതെ ജീവിക്കാം.

അസുഖം ഒരു ഭാരമായി കാണാരുത്. അതിനെ അതിജീവിക്കാന്‍ സാധിക്കുമെന്ന ഉറപ്പും ബോധ്യവും കരുതലും ഉണ്ടാവുകയാണ് ആവശ്യം. 6-7 മണിക്കൂര്‍ ഉറക്കവും ആവശ്യമാണ്. വിവാഹം ആലോചിക്കുമ്പോള്‍ അസുഖമുണ്ടങ്കില്‍ ആ വിവരം അറിയിക്കണം. അസുഖവിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞാല്‍ അവരും രോഗിയെ ജീവിതശൈലി പരിപാലിച്ചുപോകാന്‍ സഹായിക്കുക. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കണം.

ടൈപ്പ്-2: ഇവിടെ പാരമ്പര്യം ഒരു നിര്‍ണായകഘടകമാണ്. അതുപോലെ വ്യായാമത്തിന്റെ കുറവും അമിതവണ്ണവും കാരണങ്ങളാണ്. ജീവിതശൈലി മാറ്റി ശരീരത്തിന്റെ തൂക്കം നോര്‍മല്‍ ആക്കണം. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി കഴിക്കണം. ഭക്ഷണത്തിന്റെ സമയവും അളവും പാലിക്കണം.

ടൈപ്പ്-3: കൂടെക്കൂടെ പാന്‍ക്രിയാറ്റിറ്റിസ് (fibro calculous pancreatitic diabetes FCPD) ഉണ്ടാവുക, ആല്‍ക്കഹോള്‍ മൂലം പാന്‍ക്രിയാറ്റിറ്റിസ് പലപ്രാവശ്യം ഉണ്ടാവുക, ആസ്ത്മ, Rheumatic Arthritis, cerebral oedema, ചില കാന്‍സര്‍ ചികിത്സ ഇവയ്ക്കു കൊടുക്കുന്ന സ്റ്റിറോയ്ഡ് മരുന്നുമൂലമുണ്ടാകുന്ന പ്രമേഹം. പാന്‍ക്രിയാസിന്റെ ഓപ്പറേഷന്‍ മൂലവും ഇതുണ്ടാകാം.

ടൈപ്പ്-4: ഗര്‍ഭകാലത്ത് ചിലരില്‍ കാണുന്നു. പ്രസവശേഷം 1-2 മാസത്തിനുള്ളില്‍ പഞ്ചസാര നോര്‍മല്‍ ആയില്ലെങ്കില്‍ അത് ടൈപ്പ്-2 ആണ്. തത്കാലം മാറിയശേഷം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വരാം. അവര്‍ ഇടയ്ക്ക് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതു നല്ലതാണ്. ആഹാരക്രമം, വ്യായാമം ഇവയില്‍ ശ്രദ്ധിച്ചാല്‍ വീണ്ടും വരാതിരിക്കാം. കുട്ടിയുടേയും അമ്മയുടേയും ആരോഗ്യത്തിനു ഗര്‍ഭിണികളുടെ പ്രമേഹം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്.

പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍

ഞരമ്പു രോഗം: ഇതു പലതരത്തിലുണ്ട്. സ്പര്‍ശന ശേഷി തിരിച്ചറിയുന്ന സെന്‍സറി ഞരമ്പുകള്‍, ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണോമിക് ഞരമ്പുകള്‍, ചലനശേഷിയെ നിയന്ത്രിക്കുന്ന മോട്ടോര്‍ ഞരമ്പുകള്‍ ഇവയെയെല്ലാം ഈ രോഗം ബാധിക്കും.

രക്തമൊഴുക്കിലെ തകരാറുകള്‍: പ്രമേഹരോഗികള്‍ക്കും പുകവലിക്കാര്‍ക്കും ബാധിക്കുന്ന രോഗമാണിത്. തലച്ചോറു മുതല്‍ വിരലറ്റം വരെ ഏതു ഭാഗത്തും വരാം. കാലുകളിലെ പള്‍സ് നോക്കി കണ്ടുപിടിക്കാം. Doppler test, Angiography, പരിശോധനകള്‍ നടത്താം. അസഹനീയമായ കാലുവേദനയ്ക്ക് വേദനസംഹാരികള്‍ ശമനം നല്കില്ല. രക്തക്കുഴലുകളുടെ പലഭാഗങ്ങളില്‍ തടസങ്ങള്‍ (obstructionnarrowing) ഉണ്ടാകാം. ഏതെങ്കിലും ഭാഗങ്ങളില്‍ Angioplasty tbm Bypass Surgeryയോ ചെയ്താലും മറ്റുഭാഗങ്ങളിലെ തടസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ രോഗി അസ്വസ്ഥത കാണിക്കും. കാലിലെ വ്രണങ്ങള്‍ ഉണങ്ങുകയില്ല.

ചെറിയ രക്തക്കുഴലുകളെ പ്രമേഹം ബാധിക്കുന്നതുവഴി നേത്രങ്ങള്‍, വൃക്കകള്‍, ഞരമ്പുകള്‍ ഇവ തകരാറിലാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതു സംഭവിക്കുന്നത്, വളരെ താമസിച്ചാണ് രോഗി ഇതിന്റെ ലക്ഷണങ്ങള്‍ മനസിലാക്കുന്നതും. ചിട്ടയോടെ പ്രമേഹ ചികിത്സ നടത്തിയാലെ ഈ അവയവങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കൂ.

നേത്രരോഗം: വളരെ ലളിതമായി തുടങ്ങുന്നതു നാം അറിയുകില്ല. എല്ലാവര്‍ഷവും ഒരുപ്രാവശ്യം കണ്ണില്‍ തുള്ളിമരുന്ന് ഒഴിച്ച് കുറച്ചുസമയം കഴിഞ്ഞ് കണ്ണു ഡോക്ടര്‍ പരിശോധിച്ച് പറയും. അതു ചികിത്സിക്കാതിരുന്നാല്‍ തകരാര്‍ കൂടി കാഴ്ച നഷ്ടപ്പെടും. അതുപോലെ പ്രമേഹ രോഗികളില്‍ കാറ്ററാക്ട് (തിമിരം), ഗ്ലൂക്കോമ എന്നീ അസുഖങ്ങളും കൂടുതലായി കണ്ടുവരുന്നു.

ഞരമ്പുരോഗത്തെത്തുടര്‍ന്ന് ജോയിന്റ് തകരാറുകള്‍ സംഭവിക്കാം. ഇതേക്കുറിച്ചൊന്നും രോഗി അറിയാത്തതുകൊണ്ട്, വളരെക്കാലത്തെ ഉയര്‍ന്ന പഞ്ചസാരയുടെ നില സാരമില്ലെന്നുവച്ച് അവസാനം അവയവങ്ങള്‍ സമരം ചെയ്യുമ്പോള്‍ വീല്‍ചെയറില്‍ പ്രകൃതിചികിത്സയ്ക്കായി എത്തുന്ന രോഗികളെ കാണുമ്പോള്‍ പ്രമേഹത്തിന്റെ ആദ്യവര്‍ഷത്തില്‍ ഇവിടെയെത്തിയിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ട്. പലയിടങ്ങളിലുള്ള എല്ലാ ചികിത്സയ്ക്കും ശേഷമല്ല പ്രകൃതിചികിത്സ ചെയ്യേണ്ടത്.

കുടുംബാംഗങ്ങള്‍ പ്രമേഹ രോഗിയെ മനസിലാക്കി അവര്‍ക്കുവേണ്ടതായ സഹാചര്യങ്ങള്‍ ഒരുക്കി, നല്ല ഭക്ഷണരീതി പ്രോത്സാഹിപ്പിച്ച്, വ്യായാമങ്ങളും ഒരുമിച്ചു ചെയ്തു മനസിനു സമാധാനവും സന്തോഷവും നല്‍കിയാല്‍ പ്രമേഹജീവിതം ഒരു ഭാരമാവില്ല. മറ്റേവരേയുംപോലെ ജീവിതം ആസ്വദിക്കാം.

Declusive Vascular disease ന് 1988 മുതല്‍ മേഴ്‌സി ഹോസ്പിറ്റലില്‍ നടത്തുന്ന ഒരു ജര്‍മന്‍ ചികിത്സയാണ് Hot (Haematogenous Oxidation Therapy) . ഇതിലൂടെ കൂടുതല്‍ ഓക്‌സിജന്‍ കോശങ്ങള്‍ക്കു കിട്ടുന്നു. ആവശ്യമായ രക്തമൊഴുക്ക് ഉണ്ടാകുന്നു. രോഗികളുടെ വേദന ശമിക്കുന്നു, വ്രണങ്ങള്‍ സാവധാനം കരിയുന്നു. കാലിലെ കറുപ്പു നിറം മാറുന്നു. കൂടുതല്‍ ദൂരം നടക്കാന്‍ അവര്‍ക്കു സാധിക്കുന്നു. വിരലുകളും കാലും മുറിക്കാതെ അനേകം പേരെ ഇതിലൂടെ സൗഖ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.

(തലയോലപ്പറമ്പ് പൊതി മേഴ്‌സി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഫിസിഷ്യനുമാണു ലേഖിക)

Telephone +91 4829236131, + +91 4829238749

Email: [email protected],www.mercyindia.com

Related posts