ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്നും ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസ് പിന്‍വാങ്ങുമെന്ന് സൂചന. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെന്റ റില്‍ പങ്കെടുത്ത പത്തംഗങ്ങളില്‍ ഭൂരിഭാഗം പേരും സ്വന്തം നിലയില്‍ മത്സരിക്കേണ്ട എന്ന നിലപാട് എടുത്തതാണ് പിന്മാറ്റത്തിനു കാരണം. ഇതു സംബന്ധിച്ചു വീണ്ടും ആലോചിച്ചു തീരുമാനിക്കുമെന്നു ഗൗരിയമ്മ ഇന്നലെ ചാത്തനാട്ടെ വീട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
തന്നെ എകെജി സെന്ററില്‍ വിളിച്ചു വരുത്തി അപമാനി ക്കുകയാണ് സിപിഎം ചെയ്തതെന്ന് ഗൗരിയമ്മ ഇന്നലെയും യോഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് ആലോചിച്ചു പാര്‍ട്ടിയുടെ തീരുമാനം അറിയിക്കാമെന്നാണ് ഗൗരിയമ്മ കോടിയേരിയോടു പറഞ്ഞിരിക്കുന്നത്. ഇന്നലെ നടന്ന സെന്ററില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്. പവിത്രന് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.ആര്. ഗൗരിയമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. ബി. ഗോപന്, സുരേഷ് ബാബു, കെ. ശിവാനന്ദന്, കാട്ടുകുളം സലിം, അനില്‍കുമാര്‍, സജീവ് സോമന്, രാമപുരം ശിവാനന്ദന് എന്നിവര്‍ പങ്കെടുത്തു. എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്കുള്ള പരിഗണന ജെഎസ്എസിനു നല്‍കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ നല്കിയ ഉറപ്പ്. വൈകുന്നേരം 4.40ന് ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയില്‍ എത്തിയ കോടിയേരി അടച്ചിട്ട മുറിയില്‍ ഗൗരിയമ്മയുമായി 40 മിനിറ്റ് ചര്‍ച്ച നടത്തി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജിചെറിയാനും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.