ജെയ്ഷ, പൊറുക്കുക

sp-jaishaപ്രിയ ജയ്ഷ പൊറുക്കുക, ഒളിമ്പിക് മാരത്തണില്‍ പങ്കെടുക്കേണ്ടി വന്നതിലൂടെ സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക സൃഷ്ടിച്ചതിന്. മാരത്തണ്‍ മത്സരത്തില്‍ പങ്കെടുത്ത ജെയ്ഷയ്ക്ക് കുടിവെള്ളം നല്‍കാന്‍ ആരുമില്ല എന്ന ആ താരം തന്നെ ഏറ്റുപറയുമ്പോള്‍ എന്ത് മറുപടിയാണ് അധികൃതര്‍ക്കു നല്‍കാനുള്ളത്?

മാരത്തണ്‍ നടക്കുമ്പോള്‍ രാജ്യത്തിന്റെ സ്‌റ്റേഷനോടനുബന്ധിച്ച് താരങ്ങള്‍ക്ക് വെള്ളവും മറ്റും നല്‍കാന്‍ ഇന്ത്യ നാല് പേരെ നിയോഗിക്കണം എന്നതാണ് അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ നിയമം. ’’താരങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ആളുകളെ നിയോഗിക്കേണ്ടത് പരിശീലകന്റെയും ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫീഷ്യലുകളുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍, ഈ ക്രമീകരണങ്ങളൊന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയോ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയോ അധികൃതര്‍ ചെയ്തിരുന്നില്ല ഒരു രാജ്യത്തിന്റെ അത്‌ലറ്റിന് മറ്റൊരു രാജ്യത്തിന്റെ ആളുകളില്‍ നിന്നും വെള്ളം വാങ്ങിക്കുടിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ആ താരത്തിന് അയോഗ്യത കല്‍പ്പിക്കപ്പെടും. അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

ബംഗളൂരുവില്‍ വിശ്രമിക്കുന്ന ജെയ്ഷ സംഭവത്തേക്കുറിച്ച് പ്രതികരിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഉന്മേഷം വീണെ്ടടുക്കും. പക്ഷെ ഞാന്‍ മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണ്. 2-3 മാസത്തെ ആയുര്‍വേദ ചികിത്സയും ഉഴിച്ചിലും കൊണ്ടു മാത്രമേ എന്റെ ശാരീരികാരോഗ്യം വീണെ്ടടുക്കാനാകൂ -ജെയ്ഷ പറയുന്നു. ജെയ്ഷയ്ക്കു പനിയുണെ്ടന്നാണ് സായിയിലെ ഡോക്ടര്‍മാര്‍ പറയുന്നത് എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ജെയ്ഷ വിസമ്മതിച്ചു. നാട്ടില്‍ എവിടെയെങ്കിലും ആയുര്‍വേദചികിത്സ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജെയ്ഷ പറഞ്ഞു.

തന്റെ പരിശീലകനായ നിക്കോളായ് സ്‌നെസിയേര്‍വിനെതിരേയും ജെയ്ഷ ആരോപണമുന്നയിച്ചിട്ടുണ്ട്. മുംബൈ മാരത്തണില്‍ വിജയിച്ച ശേഷം 1500 മീറ്ററില്‍ ഒളിമ്പിക് യോഗ്യത നേടാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും, എന്നാല്‍ മാരത്തണില്‍ തുടരാന്‍ പരിശീലകന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ജെയ്ഷ ആരോപിച്ചു. പരിശീലന സമയത്ത് പരിക്കേറ്റെങ്കിലും അതില്‍ നിന്നും മുക്തയാകാനുള്ള സമയം പരിശീലകന്‍ അനുവദിച്ചില്ലെന്നും ജെയ്ഷ പറയുന്നു. പ്രഭാതത്തിലായിരുന്നു പതിവായി പരിശീലനം നടത്തിയിരുന്നതെന്നും ഊട്ടിയില്‍ നിന്നും റിയോയിലെത്തിയപ്പോള്‍ ചൂടിലുണ്ടായ വ്യത്യാസവുമായി പൊരുത്തപ്പെടാനായില്ലെന്നും ജെയ്ഷ വെളിപ്പെടുത്തി.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയിലേക്കു തിരിച്ച ഇന്ത്യക്കു നേടാനായത് വെറും രണ്ടു മെഡലുകളാണ്. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരാശപ്പെടുത്തുന്ന ഇത്തരം നടപടികള്‍ മറ്റു കായികതാരങ്ങള്‍ക്കെതിരേ ഉണ്ടായിട്ടുണേ്ടാ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി, പരിശോധിച്ചുവരികയാണെന്ന് വിജയ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭാഗത്തുനിന്ന് ജയ്ഷയ്‌ക്കെതിരേ ഉണ്ടായ അവഗണനയെക്കുറിച്ചുള്ള വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ്‌ഗോയല്‍.

സംഭവം സത്യമെങ്കില്‍ അതു ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യക്കു നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് ക്രമീകരണങ്ങള്‍ ചെയ്യേണ്ടിയിരുന്നതെന്ന് വിജയ് ഗോയല്‍ പറഞ്ഞു. അതേയമയം, റിയോ ഒളിമ്പിക്‌സിനിടെ മലയാളി അത്‌ലറ്റ് ഒ.പി.ജെയ്ഷയ്ക്ക് അവഗണന നേരിട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കായിക താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അവഗണന വിഷമമുണ്ടാക്കുന്നുണെ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts