ഷിജു തോപ്പിലാന്‍
പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി അടച്ചുപൂട്ടിയിട്ട് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കൃത്രിമ പട്ടുനൂല്‍ ഉത്പാദിപ്പിച്ചിരുന്ന ഈ കമ്പനി ഒരുകാലത്ത് ഇന്ത്യയിലെതന്നെ പ്രമുഖവ്യവസായസ്ഥാപനമായിരുന്നു. അടച്ചുപൂട്ടിയ റയോണ്‍സ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഐടി പാര്‍ക്ക് സ്ഥാപിക്കുമെ ന്നുമൊക്കെ ഓരോകാലങ്ങളില്‍ പ്രഖ്യാപനങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ എയിംസ് സ്ഥാപിക്കണമെന്നുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു. എന്നാല്‍ ട്രാവന്‍കൂര്‍ റയോണ്‍സ് ഇപ്പോഴും പൂട്ടിത്തന്നെ കിടക്കുകയാണ്.
പെരുമ്പാവൂരിനു സമീപം സൗത്ത്വല്ലത്തു പെരിയാറിനോടു ചേര്‍ന്നു 73 ഏക്കര്‍ സ്ഥലത്ത് 1950 ലായിരുന്നു റയോണ്‍സ് കമ്പനിയുടെ തുടക്കം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ സ്ഥാപകനായ തമിഴ്നാട് സ്വദേശി എം. ചിദംബരചെട്ടിയാര്‍ ആയിരുന്നു കമ്പനി ഉടമ. കമ്പനിക്കാവശ്യമായ ഭൂമി സര്‍ക്കാര്‍ പാട്ടത്തിനു നല്‍കുകയായിരുന്നു. പൊതുമേഖലയില്‍ സ്ഥാപിതമായ സ്വകാര്യകമ്പനിയായ റയോണ്‍സില്‍ സര്‍ക്കാരിനാകെ 37 ശതമാനമായിരുന്നു ഓഹരി.
ചിദംബരചെട്ടിയാര്ക്ക് ഏഴുശതമാനവും പൊതുജനങ്ങള്‍ക്കു 42 ശതമാനവും ഓഹരിയാണുണ്ടായിരുന്നത്. 12 ശതമാനം തുക ബാങ്ക് വായ്പയായിരുന്നു. കമ്പനിയുടെ നടത്തിപ്പുചുമതല ചിദംബരചെട്ടിയാര്ക്കായിരുന്നു. 1954 മാര്‍ച്ച് 13ന് സിംഗപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ചെട്ടിയാര്‍ കൊല്ലപ്പെട്ടു. 1974വരെ കമ്പനി ലാഭത്തിലായിരുന്നു. കടബാധ്യതയും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും മൂലം 2001 ജൂലൈ 17നാണു കമ്പനി അടച്ചുപൂട്ടുന്നത്. വൈദ്യുതി ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്നു പറഞ്ഞ് അടച്ചുപൂട്ടുമ്പോള്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. 10,000ത്തോളം പേര്‍ക്കു പരോക്ഷമായും തൊഴിലുണ്ടായിരുന്നു.
പെരുമ്പാവൂര്‍ പട്ടണത്തിന്റെ മുഖംമാറ്റിയ വ്യവസായസ്ഥാപനമായിരുന്നു ട്രാവന്‍കൂര്‍ റയോണ്‍സ്. ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞനിരക്കില്‍ വിദേശത്തുനിന്നു പട്ടുനൂല്‍ ഇറക്കുമതി തുടങ്ങിയതാണു റയോണ്‍സിനു വിനയായത്. കൃത്രിമ പട്ടുവസ്ത്രങ്ങള്‍ക്കു ഡിമാന്‍ഡ് കുറഞ്ഞതും ഇവിടെ നിര്‍മിച്ചിരുന്ന സെലോഫൈന്‍ പേപ്പറിന്റെ സ്വീകാര്യതയ്ക്കു മങ്ങലേറ്റതും തിരിച്ചടിയായി. സര്‍ക്കാര്‍ ഗാരണ്ടിയോടെ ലഭിച്ച വായ്പകള്കൊണ്ടാണു കമ്പനി അവസാനത്തെ പത്തുവര്‍ഷം പിടിച്ചുനിന്നത്. കരള രാഷ്ട്രീയത്തിലെ ഉന്നതരായ നേതാക്കള്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചു നിയമസഭയില്‍
ക്കാലങ്ങളില്‍ ഉണ്ടായിരുന്നതും റയോണ്‍സിനു തുണയായി. എന്നാല്‍ വായ്പകള്‍ ഉപയോഗിച്ചരീതിയില് പോരായ്മകളുണ്ടായി. തൊഴിലാളികളുടെ പിഎഫ് കുടിശിക അടയ്ക്കാത്തിന്റെ പേരില്‍ റയോണ്‍സ് വക വസ്തുവകകള്‍ ജപ്തിചെയ്യപ്പെട്ടു. പിടിച്ചുനില്‍ക്കാനുള്ള ശ്രമമൊന്നും കമ്പനി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായതുമില്ല. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടത്തെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ സകലതും വ്യാപകമായി മോഷണം പോയി. അവശേഷിച്ച കെട്ടിടവും യന്ത്രസാമഗ്രികളും തുരമ്പെടുത്തു നശിച്ചു. ഭൂമി കാടുകയറി. അതിനിടെ റയോണ്‍സ് ഏറ്റെടുത്തു നടത്താന്‍ തമിഴ്നാട്ടിലെ എന്‍ഡിഇഇ ഗ്രൂപ്പ് തയാറായി വന്നിരുന്നു. ആദ്യ അഞ്ചുവര്‍ഷം 559 കോടി മുടക്കുമെന്നായിരുന്നു വാഗ്ദാനം. ഇതുവഴി 1,000 പേര്‍ക്കു നേരിട്ടും 12,500 പേര്‍ക്കു പരോക്ഷമായും തൊഴിലവസരം ലഭിക്കുമെന്നും പറഞ്ഞിരുന്നു. റയോണ്‍സിനു ധനകാര്യ സ്ഥാപനങ്ങളുമായുള്ള ബാധ്യതകളും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളും പ്രമോട്ടര്‍ നല്‍കുമെന്നും ധാരണയായി.
പകരം വൈദ്യുതി, വാണിജ്യനികുതി തുടങ്ങിയവയില്‍ നിശ്ചിതകാലത്തേക്കു സര്‍ക്കാര്‍ ഇളവ് അനുവദിക്കുമെന്നും മിനി ഹൈഡല്‍ പദ്ധതിക്കും വുഡ് പള്‍പ്പ് ഉത്പാദനകേന്ദ്രത്തിനും സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിനു നല്‍കുമെന്നുമുള്ള ചര്‍ച്ചകളും നടന്നു. 10 വര്‍ഷം കഴിയുമ്പോള്‍ 837 കോടി രൂപകൂടി മുടക്കുമെന്നും എന്‍ഡിഇഇ ഗ്രൂപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ നീക്കങ്ങള്‍ എങ്ങുമെത്താതെ പോകുന്നതാണു കണ്ടത്. പിന്നീട് റയോണ്‍സ് ഏറ്റെടുക്കാന്‍ തയാറായി ഇലഞ്ഞിക്കല്‍ ഗ്രൂപ്പും രംഗത്തുവന്നിരുന്നു. ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ അവരും പിന്മാറി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ റയോണ്‍സ് കമ്പനി കിന്‍ഫ്രക്കു കൈമാറി. തുടര്‍ന്നു കമ്പനിയിലെ ദൈനംദിന കാര്യങ്ങള്‍ കിന്‍ഫ്രയാണു നടത്തുന്നത്. സെക്യൂരിറ്റി ജീവനക്കാരടക്കം 21 പേര് നിലവില്‍ ജോലിക്കാരായുണ്ട്. വൈദ്യുതി വകുപ്പിനു നല്‍കാനുള്ള കുടിശിക തീര്‍ക്കാന്‍ കമ്പനിയുടെ അഞ്ച് ഏക്കര്‍ സ്ഥലം കെഎസ്ഇബിക്ക് നല്കി. ബാക്കി 68 ഏക്കര്‍ സ്ഥലമുണ്ട്. കമ്പനി പൂട്ടുമ്പോള്‍ തൊഴിലാളികളായുണ്ടായിരുന്ന 2000 പേരില്‍ 1200 പേര്‍ക്ക് പെന്ഷന് പ്രായം കഴിഞ്ഞു. ഇവരടക്കമുള്ള മുഴുവന്‍ ജീവനക്കാരുടെയും ആനുകൂല്യങ്ങളും ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യതകളും കൊടുത്തുതീര്‍ക്കാന്‍ 71 കോടി രൂപ വേണം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് കഴിഞ്ഞ മാര്‍ച്ച് നാലിന് പണം അനുവദിച്ചെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ നടപടികള്‍ വഴിമുട്ടി. ഇടതുസര്‍ക്കാര്‍ തങ്ങളുടെ ആദ്യബജറ്റില്‍ 71 കോടി അനുവദിച്ചിട്ടുണ്ട്. ഇതു വലിയ പ്രതീക്ഷയാണു തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ബാധ്യതകള്‍ തീര്‍ത്ത് ഐടി പാര്‍ക്കോ എയിംസോ സ്ഥാപിച്ചാല്‍ പെരുമ്പാവൂരിന് മറ്റൊരു കുതിപ്പിന് അതു വഴിവയ്ക്കും. തൊഴിലാളികളും ജനങ്ങളും ഏറെ ആശിക്കുന്നുണ്ട്. അവരെ ഇനിയും നിരാശപ്പെടുത്തരുത്.