ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം : ഡിഎംഒ

tvm-dengueതിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് വിഭാഗം കൊതുകുകള്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്.  പകല്‍ സമയം കടിക്കുന്ന ഇത്തരം കൊതുകളുടെ പ്രജനനത്തിന് വളരെ കുറച്ച് വെള്ളം മതി.  അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോട്, കുപ്പികള്‍, അവയുടെ അടപ്പ്, ചിരട്ട, കരിക്കിന്‍ തൊണ്ട്, പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍ തുടങ്ങി വെള്ളം കെട്ടി നില്‍ക്കുന്ന ഏതിലും ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകും.

വീടിനകത്തും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവ ശരീരത്തില്‍ വെളുത്ത പുള്ളികളുള്ള ചെറിയ കൊതുകുകളാണ്.  ശക്തമായ പനി, ക്ഷീണം, തലവേദന, ശരീരവേദന, കണ്ണിന് പിറകില്‍ വേദന, ഛര്‍ദി, ദേഹത്ത് പാടുകള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍.   ഇവയില്‍ പലതും വൈറല്‍പ്പനി ലക്ഷണങ്ങളാണ്.  പനി മാറിയ ശേഷമാണ് പലര്‍ക്കും കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.  രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം ക്രമാതീതമായി കുറയുന്നതാണ് അപകടാവസ്ഥയില്‍ എത്തിക്കുന്നത്.

അതിനാല്‍ പനി ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശ്രദ്ധിക്കണം.  പനി മാറിയാലും കുറച്ച് ദിവസം പരിപൂര്‍ണ വിശ്രമം എടുക്കണം. വെള്ളം നന്നായി കുടിക്കണം.  ഫലവര്‍ഗങ്ങള്‍, പ്രതേ്യകിച്ച് പപ്പായ ധാരാളം കഴിക്കണം.  ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ചികിത്സ തേടണം.  വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കി എല്ലാവരും സഹകരിക്കണമെന്ന് ഡിഎംഒ അഭ്യര്‍ഥിച്ചു.

Related posts