വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തുന്ന സര്‍വേ നടപടികള്‍ എന്‍എച്ച് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വടകര നഗരത്തില്‍ തടഞ്ഞു. ടൗണില്‍ ഉയരപാത സ്ഥാപിച്ച് ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കുക, റോഡിന്റെ ഘടന പരസ്യപ്പെടുത്തുക, സമരം ചെയ്യുന്ന സംഘടനകളുമായി ജില്ലാ ഭരണകൂടം ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വേ തടഞ്ഞത്. സംഭവമറിഞ്ഞ് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
സമരസംഘടന ഉന്നയിച്ച കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് എന്‍എച്ച് സര്‍വേ വിഭാഗം തഹസില്‍ദാര്‍ കെ.പ്രദീപ്കുമാര്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ തടസപ്പെട്ടു. രണ്ട് മാസമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കര്മസമിതിയടക്കമുള്ള സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് സഹായത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. ആര്.റിജു, പി.കെ.കുഞ്ഞിരാമന്, ടി.കെ.സിബി, പി.പ്രകാശ്കുമാര്, കെ.പി. അഹമ്മദ്, വി.കെ. ഭാസ്കരന് എന്നിവര്‍ നേതൃത്വം നല്കി.