ദുബായ്: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ക്രിക്കറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും ദ്രാവിഡിനൊപ്പം കമ്മിറ്റിയിലുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം വഹിച്ചിരുന്ന അനില്‍ കുംബ്ലെയെ വീണ്ടും തെരഞ്ഞെടുത്തു. ഐസിസിയില്‍ പുതിയ സ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യന്‍ എ ടീം, അണ്ടര്‍ 19 ടീമുകളുടെ പരിശീലകസ്ഥാനം ദ്രാവിഡിന് രാജിവയ്ക്കേണ്ടിവന്നേക്കും. ഒപ്പം ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേശകറോളും.
ക്രിക്കറ്റ് നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കമ്മിറ്റിയുടെ പ്രധാന ചുമതല. ഈ നിര്‍ദേശങ്ങള്‍ ഐസിസി ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ച് ഉചിത തീരുമാനം കൈക്കൊള്ളും. സമീപകാലത്ത് ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പലതും വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയെന്നതാണ് രസകരമായ വസ്തുത. 40 ഓവറിനുശേഷം നാലു ഫീല്‍ഡര്‍മാരെ മാത്രം 30 വാരയ്ക്കു പുറത്ത് അനുവദിക്കാനുള്ള തീരുമാനം ഉദാഹരണം മാത്രം. ഏകദിന ലോകകപ്പിനുശേഷം ഈ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഈ മാസം 31, ജൂണ്‍ ഒന്ന് തീയതികളിലാണ് കമ്മിറ്റിയുടെ അടുത്ത യോഗം.