ലോകം എന്നും ചൂഷിതന്റെയും ചൂഷകന്റെയും ലോകമാണ്. ജാതി തിരിച്ചും ദേശം തിരിച്ചും വര്‍ണം തിരിച്ചും സമ്പത്ത് തിരിച്ചും അത് എക്കാലവും നിലനിന്നുപോന്നു. ഇടങ്ങളില്‍ സുരക്ഷിതമാക്കി ചൂഷകരും ഇടം നഷ്ടപ്പെട്ട് ചൂഷിതനും ജീവിച്ചുപോന്നു. തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന അറിവോടെ ചൂഷകരും തങ്ങള്‍ എന്താണ് ചെയ്യപ്പെടുന്നതെന്ന അറിവില്ലായ്മയോടെ ചൂഷിതനും ഇവിടെ നിലനിന്നു. അതായിരുന്നു മനുഷ്യന് ബോധപൂര്‍വം സൃഷ്ടിച്ച ക്ലാസിഫിക്കേഷന്‍.
ചൂഷണത്തില്‍ തെളിഞ്ഞുവരുന്ന രണ്ട് മുഖങ്ങളുണ്ട്. അധീശത്വവും വിധേയത്വവും. അധീശത്വം ബോധപൂര്‍വമായി സൃഷ്ടിക്കപ്പെടുന്ന ഉത്പന്നവും വിധേയത്വം അതിന്റെ ഉപോല്‍പ്പന്നവുമാണ്. ഈ ഉത്പന്ന-ഉപോത്പന്ന മാതൃകകള്‍ കുടിയ കോളനിയിലും കാണാം. ഉപോത്പന്ന സൃഷ്ടിയില്‍ സര്‍ക്കാരാണ് ഒന്നാമത്. അതിനു പിന്നിലേ മറ്റുകാരണങ്ങള്‍ വരികയു ള്ളൂ. പക്ഷെ ഉപോത്പന്നം ഒന്നേയുള്ളൂ, അത് തികച്ചും നിസഹായതയുടെ മുഖങ്ങളാണ്.
ഒരു ജനാധിപത്യ ക്രമത്തില്‍ എല്ലാ കുറ്റങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാരാണെന്ന ഒഴുക്കന്‍മട്ടിലുള്ള കണ്ടുപിടിത്തമല്ല ഇത്. മറിച്ച് കണക്കുകളും തെളിവുകളും നിരത്തി സമര്‍ഥിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ ഉദ്ധരിക്കുമെന്ന് ഭരണഘടനാപരമായ ഉറപ്പ് നിക്ഷിപ്തമായ സര്‍ക്കാരിന് മുന്നില്‍.
താഴ്ന്ന ജീവിത നിലവാരം
തൊഴിലെടുക്കാന്‍ പ്രാപ്തരായ കോളനി നിവാസികളില്‍ 90 ശതമാനവും കൂലിത്തൊഴിലിനെ ആശ്രയിക്കുന്നവരാണ്. കോളനിക്കു പുറത്തും സമീപവുമുള്ള എസ്റ്റേറ്റിലും ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍. ഇവരില്‍ ചിലര്‍ ഭൂരഹിതരും മറ്റുള്ളവര്‍ 10 സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവരുമാണ്. അതിനാല്‍ കൂലിവേല മാത്രമാണ് വരുമാന മാര്‍ഗം. കമ്മാടിയിലെ സ്വകാര്യ എസ്റ്റേറ്റാണ് ഇവിടത്തുകാരുടെ പ്രധാന തൊഴില്‍ മേഖല. തൊഴിലെടുക്കാന്‍ പ്രാപ്തരായ കോളനി നിവാസികളില്‍ 90 ശതമാനം പേരും ഇവിടെ കൂലിവേലയ്ക്കു പോകുന്നു. കോളനിയിലെ 37 കുടുംബങ്ങളില്‍ കേവലം 6 കുടുംബങ്ങള്‍ക്കു മാത്രമാണ് ഒരു ഏക്കറിനു മുകളില്‍ ഭൂമി സ്വന്തമായുള്ളത്. ഇവര്‍ മാത്രമാണ് കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്നവര്‍.
ഇനി കോളനിയിലെ വീടുകളുടെ അവസ്ഥ പരിശോധിക്കാം. ഇവിടെ ആകെയുള്ള 37 കുടുംബങ്ങളില്‍ 6 കുടുംബങ്ങള്‍ ഭൂരഹിതരും സ്വന്തമായി വീടില്ലാത്തവരുമാണ്. സ്വകാര്യ എസ്റ്റേറ്റിന്റെ ക്വാര്‍ട്ടേഴ്സില്‍ ആണ് ഇവരുടെ താമസം. സര്‍ക്കാര്‍ സ്കീമിലൂടെ ലഭിച്ച 19 കോണ്‍ക്രീറ്റ് വീടുകള്‍ ഇവിടെയുണ്ട്. ഇതില്‍ 8 വീടുകള്‍ പണി പൂര്‍ത്തിയാകാത്തവയും വാസയോഗ്യമല്ലാത്തവയുമാണ്. ബാക്കിയുള്ള 12 വീടുകള്‍ ഓട്/ഓല/ആസ്ബസ്റ്റോസ് ഷീറ്റ് വീടുകളാണ്. ഈ വീടുകളുടെ അവസ്ഥ ഭയാനകമാണ്. പല വീടുകളും തകര്‍ച്ചാഭീതിയില്‍ നിലനില്ക്കുന്നു. കാലപ്പഴക്കംചെന്ന് തകര്‍ന്നു തുടങ്ങിയ മേല്‍ക്കൂരയും കാറ്റില്‍ ഇളകിയാടുന്ന തൂണുകളും അത്യന്തം ഭീതി സൃഷ്ടിക്കുന്നുണ്ട്.
16 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇവിടെ കക്കൂസ് ഉള്ളത്. ബാക്കിയുള്ളവര്‍ അടുത്തുള്ള വീടുകളിലെ കക്കൂസുകളിലോ തുറന്ന സ്ഥലത്തോ മല-മൂത്ര വിസര്‍ജനം നടത്തുന്നു. സ്വച്ഛ് ഭാരതിന്റെ ഇക്കാലത്ത് ഒരു കോളനിയിലെ 60 ശതമാനം കുടുംബങ്ങള്‍ക്കും കക്കൂസ് ഇല്ല എന്നുള്ളതുതന്നെ അപമാനകരമാണ്.
അസ്ഥിരമായ സാമ്പത്തിക അവസ്ഥ തൊഴില്‍-വ്യക്തി ചൂഷണങ്ങളിലേക്കും നയിക്കുന്നുണ്ട്. വീട്ടുവേലയ്ക്കും മറ്റു തൊഴിലുകള്‍ക്കുമായി കോളനി വിട്ടവര്‍ 8 പേരാണ്. 15 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ള 7 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഇതില്‍ ഉള്‍പ്പടുന്നു. ചിലരുടെ കൂലിയെക്കുറിച്ചുള്ള വിശദമായ വിവരമോ ജോലിയെക്കുറിച്ചുള്ള വ്യക്തമായ അറിവോ വീട്ടുകാര്ക്കുപോലുമില്ല. വ്യക്തമായ തൊഴില്‍ ചൂഷണമാണ് നടക്കുന്നതെന്ന് ഇവരുടെ കുടുംബ സാഹചര്യങ്ങളില്‍ നിന്നും വ്യക്തമാണ്.
കോളനിയിലേക്കുള്ള 8 കിലോമീറ്റര്‍ മണ്‍പാത നന്നാക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച തുക കേട്ടാല്‍ ഞെട്ടും. ഒരു ലക്ഷം രൂപ. റോഡിലെ കുഴി നികത്താനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നഗരത്തില്‍നിന്നും 25 കിലോമീറ്ററോളം ദൂരം ജെസിബി ഓടിയെത്തുമ്പോള്‍ അനുവദിച്ച തുകയുടെ കാല്‍ഭാഗം തീരും. പിന്നെ റോഡ് നന്നാക്കുന്ന വകയില്‍ ഇടനിലക്കാര്‍ കൊണ്ടുപോകുന്ന കമ്മീഷനും. ഇതെല്ലാം കഴിഞ്ഞ് റോഡ് പണി എത്രമാത്രം നടക്കുമെന്ന് ആര്‍ക്കറിയാം. ഏതായാലും കോളനിക്കാര്‍ക്ക് ഒന്നും അറിയില്ല. കാരണം അവര്‍ പാവങ്ങളാണ്.
മുറിഞ്ഞുപോകുന്നു അറിവ്
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒരു നാട്ടില്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് ഇക്കാലത്തെ ഒരു അതിശയമാണ്. ഒരു എസ്ടി കോളനിയില്‍ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിക്കില്ല എന്നുപറയുന്നത് അതിലേറെ അതിശയോക്തിയും. പക്ഷെ സത്യമാണ്, ഈ കോളനിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലുമില്ല, എന്തിനേറെ ഒരു വ്യാപാരിയെയോ ഒരു വൈറ്റ് കോളര്‍ ജോലിക്കാരനെയോ ഒരു പ്രഫഷണലിനേയോ ഒന്നും ഇവിടെ കണ്ടെത്താന്‍ സാധിക്കില്ല. ഭൂരിപക്ഷം പേരും കൂലിത്തൊഴില്‍ ചെയ്യുന്നവരാണ്.
കേവലം 40 ശതമാനം മാത്രമാണ് ഇവിടത്തെ സാക്ഷരതാ നിരക്ക്. ഈ ഒരു വിവരത്തിലൂടെ മനസിലാക്കാം ഇവിടുത്തെ സാമൂഹിക അവസ്ഥയുടെ ദുരന്തം. സര്‍ക്കാര്‍ സാക്ഷരതായജ്ഞവും മറ്റും നടത്തി ജനങ്ങളെ വിദ്യാസമ്പന്നരാക്കാന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ കുടിയ കോളനിയിലേക്ക് ഇവയൊന്നും എത്തിപ്പെടുന്നില്ല. നീണ്ട യാത്രയുടെ പേര് പറഞ്ഞ് പല സ്കീമുകളും കോളനിയിലെത്താതെ മടങ്ങുകയാണ്.
ഇനി കോളനിയിലെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കാം. ഗ്രാജുവേറ്റ് വിദ്യാഭ്യാസമുള്ള ഒരാളെയും ഇവിടെ കണ്ടെത്താനാകില്ല. ബഹുഭൂരിപക്ഷം പേരും ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തോടെ പഠനം ഉപേക്ഷിച്ചുപോയവരാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനിടയില്‍ പഠനം ഉപേക്ഷിച്ചത് 10 പേരാണ്. ഇതില്‍ 8 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 6 പേര് പ്ലസ് വണ്‍, പ്ലസ്ടു കാലഘട്ടത്ത് വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്.
കോളനിയിലെ വിദ്യാഭ്യാസത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം സ്കൂളുകളുടെ അപര്യാപ്തതയാണ്. കോളനിയില്‍ നാലാം ക്ലാസ് വരെയുള്ള ഏകാധ്യാപക വിദ്യാലയം ഉണ്ടെങ്കിലും അതിന്റെ സ്ഥിതി ദയനീയമാണ്. സ്വന്തമായി കെട്ടിടമോ അടിസ്ഥാന സൗകര്യമോ ഇവിടെയില്ല. കോളിനിവക കമ്യൂണിറ്റി ഹാളിലാണ് സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകനായ ഭാസ്കരന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് സ്കൂള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നത്.
കോളനിയിലെ ആംഗന്‍വാടിയുടെ സ്ഥിതിയാണ് ദയനീയം. സ്കൂളിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുകെട്ടിമറച്ച ചായ്പിലാണ് ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഒരു കാറ്റടിച്ചാല്‍ തകര്‍ന്നുവീഴാന്‍ സാഹചര്യത്തിലുള്ള ഇടത്താണ് 12 കുരുന്നുകളെയിരുത്തി പഠിപ്പിക്കുന്നതെന്ന് അധ്യാപിക രോഹിണി പറയുന്നു. പുതിയ ആംഗന്വാടിക്കായി സര്‍ക്കാര്‍ 7 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറുകാരനെ കിട്ടാത്തതിനാല്‍ പണി കുറേക്കാലം നീണ്ടുപോയി.
പിന്നീട് കോളനി നിവാസികള്‍തന്നെ മുന്‍കൈയെടുത്ത് പണി നടത്തിയെങ്കിലും പണമില്ലാത്തതിനാല്‍ പ്രവൃത്തി മേല്ക്കൂരയോളം എത്തി മുടങ്ങുകയായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപ കടം വാങ്ങിയാണ് കോളനി നിവാസകള്‍ ഇത്രയും പണി നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചതാകട്ടെ ഒരു ലക്ഷം രൂപയും. 2013 ഏപ്രിലില്‍ പണി തുടങ്ങിയ ആംഗന്‍വാടിയുടെ ഗതിയാണിത്.
കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ അപ്പര്‍ പ്രൈമറി തുടങ്ങി മുകളിലേക്കുള്ള വിദ്യാഭ്യാസത്തിന് 30 കിലോമീറ്ററിലേറെ ദൂരെയുള്ള പനത്തടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനെയാണ് ആശ്രയിക്കേണ്ടത്. 8 കിലോമീറ്റര്‍ ദൂരം നടന്നു 23 കിലോമീറ്ററോളം ദൂരം ബസില്‍ യാത്രചെയ്തു വേണം ഇവിടെയെത്താന്‍. അതിനുള്ള സാമ്പത്തിക ശേഷിയോ സാഹചര്യമോ കോളനി നിവാസികള്‍ക്ക് ഇല്ല. ഇതിനാല്‍ മനിസിലാക്കാമല്ലോ കോളനിയിലെ പഠന നിലവാരത്തകര്‍ച്ചയുടെ കാരണം.
‘ഈ റോഡിനാണ് ഓറ് ഒരു ലച്ചം രൂപ തന്നത് “
നിങ്ങൊ കാണ്ന്നില്ലേ, ഇങ്ങനെ കുണ്ടും കുയീം ബല്യ എറക്കോം കേറ്റോം ഉള്ള പൊടിമണ്ണ് റോഡ് നിങ്ങ ഏടെയെങ്കിലും കണ്ടിറ്റിണ്ടാ. ടാറിംഗ് പോയിട്ട് നെരപ്പായ സ്ഥലം പോലൂല്ല ഈ റോട്ടില്. എല്ലാടത്തു ബല്യ കുണ്ട് തന്നെ. ജീപ്പെല്ലാം ഈ റോട്ടിലൂടെ ബര്ന്ന കാണണം. ബല്യ കുതിര ബരണ കണക്കെന്നെ. എനക്കൊക്കെ ഈ റോട്ടിലൂടെ നടക്കണോന്ന് ബച്ചാ അതന്നെ വല്യ കഷ്ടം. കുയീലേക്കോ കല്ലിന്റെ മീത്തേക്കോ കാല് തെറ്റി വീണാ ഞമ്മടെ കാര്യം പോക്കാ. അതോണ്ട് രോഗം ബന്നാ പോലും ഞാന്‍ ആശൂത്രീല് പോകൂല്ല. പോയാ പിന്നെ ബേറെ അസുഖം ബരൂന്നാ പേടി.
ഇപ്പം ആരോ പറേണ കേട്ടു ഈ റോഡിന് ഒരു ലച്ചം രൂപ കിട്ടീന്ന്. എന്തിന് റോട്ടിലെ കുയി നികത്താനോ. മണ്ണ്മാന്തി വണ്ടി 10 കുയി മൂടുമ്പോന്നെ ഒരു ലച്ചം തീരും. ഈടെ ഒരു വീട് ബെക്കാന് തന്നെ ലച്ചം എത്ര ബേണം.
ഇപ്പൊ തെരഞ്ഞെടുപ്പ് ബര്ന്നിണ്ടല്ലോ. അതിനാണ് ഓര്ടെ പണീന്ന് ഞാങ്ങക്ക് അറിയാം. വോട്ടല്ലേ ഞങ്ങട കയ്യീന്ന് ഓര്ക്ക് വേണ്ടൂ. അയിന് ഇങ്ങനെ ഓറ് എടക്കൊക്കെ ബരും. അപ്പോ ഞങ്ങോ തെരഞ്ഞെടുപ്പായീന്ന് മനസിലാക്കും. അതന്നെ കൊറേ കാലായിട്ട് നടക്ക്ന്നേ.
ഞങ്ങൊ എസ്ടിക്കാരാന്നെല്ലാം പറയ്ന്നല്ലാണ്ട് ഒരു കാര്യോം ഇല്ല. സര്ക്കാറ് കൊറേ സഹായം ചെയ്യൂന്ന് പറയ്ന്നല്ലാണ്ട് ഈടെ ഒന്നും കിട്ടാറില്ല. എടക്ക്ന്ന് ആരെങ്കിലും കൊണ്ടോന്നാണോ അതോ ഞാങ്ങക്ക് തരാത്തതാണോന്ന് അറീല്ല. എന്തായാലും ഞങ്ങോ പഴേ പോലേന്നെ. ടാറിട്ട റോഡ് കണാനെന്നെ 7 മൈല്‍ പോണം. ഞാനിപ്പത് കണ്ടിറ്റന്നെ കാലം കൊറേയായി.
ഇതൊക്കെ പറഞ്ഞിറ്റ് കാര്യോണ്ടോന്ന് അറീല്ല. പക്ഷെങ്കില് പറയാനല്ലാണ്ട് പിന്നെ എന്താ പറ്റ്വാ…?
ഗണേശ-കോളനിയിലെ മുതിര്‍ന്ന അംഗം.