നാളെ കലാശക്കൊട്ട്; പത്തനംതിട്ടയില്‍ അഞ്ചിടത്തും പോരാട്ടം തീവ്രതയില്‍

alp-kottikalashamപത്തനംതിട്ട: രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നാളെ തിരിശീല വീഴും. വൈകുന്നേരം അഞ്ചിന് പ്രചാരണത്തിന്റെ കലാശക്കൊട്ടാണ്. സ്ഥാനാര്‍ഥികള്‍ മണ്ഡലപര്യടനം ഇന്നു പൂര്‍ത്തീകരിക്കും. കഴിഞ്ഞദിവസങ്ങളില്‍ എത്താന്‍ കഴിയാതിരുന്ന മേഖലകളിലാണ് പലരുടെയും യാത്ര. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാളെ തിരശീല വീഴുന്നത്. തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതിനു മുമ്പ് വോട്ടര്‍മാരുടെ മനസ് ഉറപ്പിച്ചെടുക്കാനുള്ള അവസാനഘട്ട തയാറെടുപ്പാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്നത്.

പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും ഇരുമുന്നണികളും വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ്. രണ്ടു മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കുന്ന എന്‍ഡിഎ മറ്റു മണ്ഡലങ്ങളിലും അട്ടിമറി പ്രതീക്ഷിച്ചാണ് അവസാനഘട്ട പ്രചാരണത്തിലുള്ളത്. എന്‍ഡിഎ വിജയം അവകാശപ്പെടുന്ന ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര പ്രതീതിയുണ്ട്. തിരുവല്ലയിലും അടൂരും എന്‍ഡിഎ നിര്‍ണായക സാന്നിധ്യമാണ്. കഴിഞ്ഞ ലോക്‌സഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടുകളിലുണ്ടായ വര്‍ധന ജില്ലയില്‍ ഇരുമുന്നണികളും ചര്‍ച്ച ചെയ്തുവരികയാണ്. മുന്നണി വോട്ടുകളെ സ്വാധീനിച്ച ബിജെപി ബിഡിജെഎസ് ബന്ധത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിനിര്‍ണായക ഘടകമായി മാറിയേക്കും.

ആറന്മുള, റാന്നി, തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലെങ്കിലും എന്‍ഡിഎ വോട്ടുകള്‍ ഇരുമുന്നണികളുടെയും ജയപരാജയങ്ങളെ ബാധിച്ചേക്കും. എന്നാല്‍ ലോക്‌സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ലഭിച്ചത്രയും വോട്ടുകള്‍ ബിജെപി മുന്നണിക്കു ലഭിക്കില്ലെന്നാണ് ഇരുമുന്നണികളുടെയും നേതാക്കള്‍ പറയുന്നത്. ഭരണത്തുടര്‍ച്ചയും വികസനവും ഉയര്‍ത്തിക്കാട്ടി വോട്ടുതേടിയ യുഡിഎഫിന് പത്തനംതിട്ട ജില്ലയില്‍ ഇത്തവണ അഭിമാനപോരാട്ടം തന്നെയാണ്. 2011ല്‍ മൂന്നു സീറ്റുകള്‍ യുഡിഎഫിനു നഷ്ടപ്പെട്ടിരുന്നു. ഇതു തിരികെപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ മുന്നണി പോരാടിയത്.

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ യുഡിഎഫ് ഇതു പ്രത്യേകം ശ്രദ്ധിച്ചു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാണ് ജില്ലയില്‍ പ്രചാരണത്തിനെത്തിയത്. കോന്നി, ആറന്മുള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടുതേടിയതും യുഡിഎഫിന് ആവേശം വര്‍ധിപ്പിച്ചു. എല്‍ഡിഎഫിന് തങ്ങളുടെ മൂന്ന് സിറ്റിംഗ് എംഎല്‍എമാരുടെ വികസനനേട്ടങ്ങളാണ് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നത്. മറ്റു മണ്ഡലങ്ങളില്‍ വികസനമുരടിപ്പും അവര്‍ ഉന്നയിച്ചു.

കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ അഭിമാനപ്പോരാട്ടമാണ് എല്‍ഡിഎഫ് നടത്തുന്നത്. അഴിമതിയാണ് കോന്നിയില്‍ പ്രധാന പ്രചാരണ ആയുധമാക്കിയത്. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. ബിഡിജെഎസ് സഖ്യമാണ് ജില്ലയില്‍ എന്‍ഡിഎയ്ക്കുള്ള അഭിമാനം. ഇതിലൂടെ എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ വിജയപ്രതീക്ഷയിലാണ്. റാന്നിയിലും തിരുവല്ലയിലും ബിഡിജെഎസ് തന്നെയാണ് മത്സരരംഗത്തുള്ളത്. അമിത്ഷാ, രാജ്‌നാഥ് സിംഗ്, വെങ്കയ്യ നയിഡു, വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ജില്ലയില്‍ പ്രചാരണത്തിനെത്തി.

Related posts