കൊച്ചി: അര്ജന്റീന ടീമിന്റെ കേരള സന്ദര്ശനവുമായി ബന്ധപ്പെട്ട് കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയം കൈമാറ്റത്തില് വെട്ടിലായതോടെ നിയമക്കുരുക്ക് ഒഴിവാക്കാന് തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂര് സ്റ്റേഡിയം കൈമാറ്റത്തില് സ്പോണ്സറുമായി പുതിയ തൃകക്ഷി കരാര് ഉണ്ടാക്കാനാണ് കായികവകുപ്പിന്റേയും ജിസിഡിഎയുടെയും നീക്കം.
പിടിച്ചുനില്ക്കാന് ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. 
മെസി നവംബറില് കേരളത്തില് എത്തില്ലെന്ന വാര്ത്തയ്ക്ക് പിന്നാലെയാണ് കലൂര് സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകള് ചര്ച്ചയായത്.
എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവര്ത്തിച്ചുള്ള ചോദ്യങ്ങള്ക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയര്മാനും മന്ത്രിയും ആ കള്ളം പല തവണ ആവര്ത്തിച്ചു. പത്ര സമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോണ്സറോട് വിശദാംശങ്ങള് ചോദിച്ചപ്പോള് മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങള്ക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവര്ത്തകര് വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള് തേടുകയായിരുന്നു.
ഇതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. ജിസിഡിഎ, സ്പോര്ട്സ് കേരള ഫൗണ്ടേഷന്, കായിക മന്ത്രി തുടങ്ങിയവര് തമ്മില് നടന്ന കത്തിടപാടുകള് മാത്രമായിരുന്നു സ്റ്റേഡിയം വിട്ടുകൊടുക്കാനുള്ള കരാര്. ജിസിഡിഎ സെക്രട്ടറി, സ്പോണ്സര്, എസ്കെഎഫ് ചീഫ് എന്ജിനിയര് എന്നിവരൊപ്പിട്ട ഒരു കടലാസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

