നാളെ മുതല്‍ വെടിക്കെട്ട്

sp-twentyനാഗ്പുര്‍: ഇനിയാണ് ശരിക്കുള്ള വെടിക്കെട്ട്. സാമ്പിള്‍ വെടിക്കെട്ടും കഴിഞ്ഞ് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍-10 പോരാട്ടങ്ങള്‍ക്കു നാളെ തുടക്കം. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നാഗ്പുരിലാണ് ആദ്യമത്സരം.രണ്ടു ഗ്രൂപ്പായിട്ടാണ് സൂപ്പര്‍-10 റൗണ്ട്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ടു വീതം ടീമുകള്‍ സെമിയിലേക്ക്. ഏപ്രില്‍ മൂന്നിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാര്‍.

പാക് ടീമിന്റെ ബഹിഷ്കരണ ഭീഷണിയും ടിക്കറ്റ് വില്പനയ്‌ക്കെത്തിക്കാന്‍ വൈകിയതുമൊന്നും ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ ലോകമേളയുടെ തിളക്കം കുറയ്ക്കുന്നില്ല. ആദ്യ റൗണ്ട് തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പു മാത്രമാണ് ടിക്കറ്റ് വില്പന ആരംഭിച്ചത്. വിദേശത്തുനിന്നുള്ള ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതു പ്രതിഷേധത്തിനിടയാക്കിയിരുന്നു.

രണ്ടാം കിരീടത്തിന് ഇന്ത്യ

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കൊപ്പമുള്ളത്. ഇപ്പോഴത്തെ ഫോമില്‍ സെമിയിലേക്കുള്ള ദൂരം ഇന്ത്യക്ക് അത്രയൊന്നും ദുര്‍ഘടമല്ല. എന്നാല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ അനിശ്ചിതത്വവും പടിക്കല്‍ കലമുടയ്ക്കുന്ന ഇന്ത്യന്‍ രീതിയും പരിഗണിക്കാതെ വയ്യ. ഇന്ത്യയുടെ ഗ്രൂപ്പിലുള്ള ടീമുകളില്‍ ന്യൂസിലന്‍ഡ് ഒഴികെ മറ്റെല്ലാ ടീമുകളോടും കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യ ജയിച്ചിട്ടുള്ളതാണ്. എന്നാല്‍, കിവികളോട് ട്വന്റി-20 ലോകകപ്പില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന സത്യം ധോണിയെയും കൂട്ടരെയും അസ്വസ്ഥരാക്കുന്നുണ്ട്.

അവസാനം കളിച്ച പതിനൊന്നില്‍ 10 ട്വന്റി-20യിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ നാട്ടില്‍ 3-0, ശ്രീലങ്കയ്‌ക്കെതിരേ 2-1, ഏഷ്യാ കപ്പില്‍ ഫൈനലുള്‍പ്പെടെ അഞ്ചിലും ജയിച്ചത് ടീമിന്റെ ശരീരഭാഷയിലും ദൃശ്യമാണ്. സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു മൂന്നു റണ്‍സിനു തോറ്റെങ്കിലും അതത്ര കാര്യമായിട്ടെടുത്തിട്ടില്ല ടീം.

ഗ്രൂപ്പ് ഒന്നില്‍ സമന്മാരുടെ പോരാട്ടം

നിലവിലെ ജേതാക്കളായ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. അടുത്തകാലത്തെ നിലവാരം വച്ചുനോക്കിയാല്‍ ഒരേ അവസ്ഥയിലാണ് ഈ ഗ്രൂപ്പിലെ എല്ലാ ടീമും.

അത്ര മികച്ച ടീമുമായിട്ടല്ല എത്തിയിട്ടുള്ളതെങ്കിലും മുഖ്യ എതിരാളികള്‍ ഏഷ്യക്കു പുറത്തുനിന്നുള്ളവരാണെന്നത് ലങ്കയെ സന്തോഷിപ്പിക്കും. ലസിത് മലിംഗ ക്യാപ്റ്റന്‍സ്ഥാനം രാജിവച്ചത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാനിടയുണ്ട്. മഹേള ജയവര്‍ധനെ, കുമാര്‍ സംഗക്കാര എന്നിവര്‍ വിരമിച്ചശേഷം ആദ്യ ലോകകപ്പ് കളിക്കാനെത്തുകയാണ് ദ്വീപുകാര്‍. സമീപകാലത്തെ പ്രകടനങ്ങള്‍ ആശാവഹവുമല്ല. കുറേ യുവതാരങ്ങളെ കൂട്ടിയിണക്കി കഴിയുന്നത്ര ദൂരം പോകണമെന്നാണ് എയ്ഞ്ചലോ മാത്യൂസിന്റെയും സംഘത്തിന്റെയും ആഗ്രഹം.

സമീപകാലത്ത് കുട്ടിക്രിക്കറ്റില്‍ ഏറെ മുന്നേറിയ ടീമാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ഇയന്‍ മോര്‍ഗനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, അലക്‌സ് ഹെയ്ല്‍സ് എന്നിവരും ടീമിലുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 2-1ന് അടിയറ വച്ചതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയെത്തുന്നത്.

ലോകകപ്പുകളില്‍ സെമി കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഷ്‌പേര് മാറ്റാനുള്ള ഉജ്വല അവസരമാണ് അവര്‍ക്കിത്. താരങ്ങളുടെ ബഹിഷ്കരണ ഭീഷണിയും പ്രമുഖരുടെ പരിക്കും പ്രതിസന്ധി സൃഷ്ടിച്ചാണ് വിന്‍ഡീസ് വരുന്നത്. സൂപ്പര്‍ താരങ്ങളായ കെയ്‌റണ്‍ പൊളാര്‍ഡ്, സുനില്‍ നരെയ്ന്‍ ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ ടീമിലില്ല.

ആദ്യ ഘട്ടത്തില്‍ സിംബാബ്‌വെയെ തകര്‍ത്താണ് അഫ്ഗാനിസ്ഥാന്റെ വരവ്. പരിചിതമായ ഏഷ്യന്‍ കാലവാസ്ഥയില്‍ എതിരാളികള്‍ക്കു ഭീഷണിയുയര്‍ത്താന്‍ അഫ്ഗാനാകും. മുഹമ്മദ് ഷെഹ്‌സാദിനെപ്പോലെ ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ കഴിവുള്ള ഒരുപാട് ഡൈനാമിറ്റുകള്‍ ഇന്‍സമാം ഉള്‍ഹഖ് പരിശീലിപ്പിക്കുന്ന ടീമിലുണ്ട്.

Related posts