ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിജയികളെ വനിതകള്‍ തീരുമാനിക്കും. ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലങ്ങളിലേയും ഭൂരിപക്ഷം വനിതകള്‍ക്കാണ്. ജില്ലയിലെ തെക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങൡലാണ് പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് വനിതാ വോട്ടര്‍മാര്‍ എണ്ണത്തില്‍ കൂടുതലുള്ളത്. മാവേലിക്കര നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ വനിതകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍.
പുരുഷ വോട്ടര്‍മാരേക്കാള്‍ 15,551വനിതാ വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. തൊട്ടുപിന്നില്‍ ചെങ്ങന്നൂരുണ്ട്. 14,898 വനിതാ വോട്ടര്‍മാരാണു പുരുഷ വോട്ടര്‍മാരെക്കാള്‍ ഇവിടെ കൂടുതല്‍. എന്നാല്‍ വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ള മണ്ഡലം കായംകുളമാണ് 1,06,626 വനിതാ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവിടെ പുരുഷ വോട്ടര്‍മാരുടെ എണ്ണമാകട്ടെ 92781 ആണ്.
ഹരിപ്പാട് നിയോജകമണ്ഡലത്തിലും വനിതകളാണ് നിര്‍ണായകം 12,688 വനിതാ വോട്ടര്‍മാരാണ് പുരുഷന്മാരെക്കാള് ഇവിടെ കൂടുതലുള്ളത്. ആലപ്പുഴ 7115, കുട്ടനാട് 5720, അമ്പലപ്പുഴ 6849, ചേര്‍ത്തല 6348 എന്നിങ്ങനെയാണ് പുരുഷ വോട്ടര്‍മാരെക്കാള്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം. വോട്ടര്‍പട്ടികയില്‍ വനിതകളാണു കൂടുതലെങ്കിലും നിയമസഭയിലേക്കു മത്സരിക്കുന്ന പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ രണ്ടു വനിതകള്‍ മാത്രമാണുള്ളത്.
ആലപ്പുഴ നിയോജക മണ്ഡലത്തില്‍നിന്നും യുഡിഎഫ് പ്രതിനിധിയായി മത്സരിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റും കായംകുളം നിയോജകമണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരിയുമാണ് മത്സര രംഗത്തുള്ള വനിതകള്‍.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജും മാവേലിക്കരയില്‍ എസ്യുസിഐ സ്ഥാനാര്‍ഥിയായ ടി. ആശയും കായംകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജി. വീണയിലും ഒതുങ്ങുന്നു സ്ഥാനാര്‍ഥികളിലെ വനിതാ പ്രാതിനിധ്യം.