നിയമോപദേശം തേടാന്‍ പോലീസ്! ചാനല്‍ ചര്‍ച്ചക്കിടയിലുണ്ടായിട്ടുള്ള അവഹേളനത്തിന് ഏത് വകുപ്പ് പ്രകാരം കേസെടും; പട്ടിജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും

youvathiതലശേരി: ചാനല്‍ ചര്‍ച്ചക്കിടയില്‍ സിപിഎം നേതാക്കള്‍ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിത് യുവതി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അഡ്വ.എ.എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാന്‍ പോലീസ് തീരുമാനിച്ചു. ചാനല്‍ ചര്‍ച്ചക്കിടയിലുണ്ടായിട്ടുള്ള അവഹേളനത്തിന് ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ അവ്യക്തത വന്നതോടെയാണ് നിയമോപദേശം തേടാന്‍ ഇന്നലെ രാത്രി വൈകി നടന്ന പോലീസ് ഉദ്യാഗസ്ഥരുടെ ചര്‍ച്ചയില്‍ ധാരണയായത്.

കണ്ണൂര്‍ വനിതാ സെല്‍ സിഐ കമലാക്ഷിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആത്മഹത്യക്ക് ശ്രമിച്ച കുട്ടിമാക്കൂലിലെ അഞ്ജനയില്‍ നിന്ന് ഇന്നലെ മൊഴിയെടുത്തിരുന്നു. ഈ മൊഴി രാത്രിയോടെ തലശേരി പോലീസിന് കൈമാറി. തുടര്‍ന്ന് രാത്രി വൈകി ഐജിയും  ജില്ലാ പോലീസ് ചീഫും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ള ഉദ്യാഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുള്‍പ്പെടെയുള്ള കേസിന്റെ വിശദ വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തിരം മജിസ്‌ട്രേറ്റിന് കൈമാറും. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ തന്നേയും കുടുംബത്തേയും ചാനല്‍ ചര്‍ച്ചക്കിടയില്‍ അവഹേളിച്ചതില്‍ മനം നൊന്താണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അഞ്ജു വനിതാ കമ്മീഷനും പോലീസിനും മൊഴി നല്‍കിയിട്ടുള്ളത്. പോലീസ് അറസറ്റ് ചെയ്തപ്പോഴും ജയിലില്‍ കിടക്കേണ്ടി വന്നപ്പോഴും ഇത്ര മനോ വിഷമമുണ്ടായിട്ടില്ല. എന്നാല്‍ ഇവര്‍ അപമാനിച്ചപ്പോള്‍ ഇനി എന്തിനു ജീവിക്കണമെന്ന തോന്നലുണ്ടായി ഇതേത്തുടര്‍ന്നാണ് ജീവന്‍ വെടിയാന്‍ ശ്രമിച്ചതെന്നും അഞ്ജനയുടെ മൊഴിയില്‍ പറയുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജനയില്‍ നിന്നാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍, കമ്മീഷന്‍ അംഗം നൂര്‍ബീന റഷീദ് എന്നിവരും മൊഴി രേഖപ്പെടുത്തിയത്.  പട്ടിജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ ഇന്ന് തലശേരിയിലെത്തി അഞ്ജുവില്‍ നിന്നും മൊഴി രേഖപ്പെടുത്തും.

ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിച്ചുവെന്ന കേസില്‍  വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട അഞ്ജുവും അഖിലയും ശനിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. അന്നേ ദിവസം ഇരുവര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ തലശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. അന്ന് രാത്രിയില്‍ നടന്ന ചാനല്‍ ചര്‍ച്ചക്കിടയിലാണ് സിപിഎം നേതാക്കള്‍ അഞ്ജുവിനെ അപമാനിച്ചതത്രെ. തുടര്‍ന്ന് രാത്രിയില്‍ അഞ്ജു അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Related posts