നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികളുടെ പര്യടനം ഈയാഴ്ച ആരംഭിക്കും

tvm-pracharanamനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേയ്ക്ക്. മണ്ഡലം പര്യടനം ഈയാഴ്ച ആരംഭിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ തെരഞ്ഞെടുപ്പ് പര്യടനം അഞ്ചിന് നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനില്‍ നിന്നും തുടക്കം കുറിക്കും. തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജിതമായി തുടരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്റെ തെരഞ്ഞെടുപ്പ് പര്യടനവും അഞ്ചിനാണ് ആരംഭിക്കുക. മാമ്പഴക്കരയില്‍ നിന്നാണ് പര്യടനം തുടങ്ങുന്നത്. സ്ഥാനാര്‍ഥി ഇന്ന് തിരുപുറം പഞ്ചായത്തില്‍ പ്രചരണത്തിലാണ്.

നെയ്യാറ്റിന്‍കരയില്‍ ഇന്ന് എല്‍ഡിഎഫ് കമ്മിറ്റി നടക്കുന്നുണ്ട്. പര്യടനം സംബന്ധിച്ച തീരുമാനങ്ങള്‍ കമ്മിറ്റി കൈക്കൊള്ളും. എന്‍ഡിഎ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനം എട്ടിന് ആരംഭിക്കും. പ്രചരണത്തിന്റെ ഭാഗമായി നാലിന്  വഴിമുക്ക് മുതല്‍ ഉദിയന്‍കുളങ്ങര വരെ പദയാത്രയും ആറിന് മണ്ഡലത്തിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ മുന്നണികളിലെയും പ്രവര്‍ത്തകര്‍ ഇരട്ടി ഉത്സാഹത്തോടെയാണ് പ്രചരണം തുടരുന്നത്. മേടച്ചൂടും ഉഷ്ണതരംഗവുമൊന്നും കണക്കാക്കാതെ പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി  ഉറപ്പിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഒട്ടുമിക്ക പ്രവര്‍ത്തകരും. നെയ്യാറ്റിന്‍കര നഗരസഭയിലും മണ്ഡലത്തിലെ പഞ്ചായത്ത് പ്രദേശങ്ങളിലും പ്രചരണത്തിന് കൂടുതല്‍ ആവേശവും ഇപ്പോള്‍ കാണാനാകുന്നു.

Related posts