പട്ടയപ്രശ്‌നം: ചക്കിട്ടപാറയില്‍ സിപിഎം-സിപിഐ ബന്ധം ഉലയുന്നു

ekm-cpicpmപേരാമ്പ്ര: പട്ടയം കിട്ടാത്തവരുടെ ലിസ്റ്റ് തയാറാക്കുന്നതില്‍ സിപിഎം കാണിക്കുന്ന രഹസ്യ നീക്കത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് സിപിഐ. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലാണ് പ്രശ്‌നം. പട്ടയം കിട്ടാത്തവരുടെ ലിസ്റ്റ് 2010ല്‍ റവന്യു വകുപ്പ് തയ്യാറാക്കിയതാണെന്ന് സിപിഐ മുതുകാട് ബ്രാഞ്ച് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഈ ലിസ്റ്റിനെ മറികടന്ന് പുതിയ ലിസ്റ്റ് തയാറാക്കാന്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതായാണ് സിപിഐയുടെ പ്രധാന ആരോപണം.

പഞ്ചായത്ത് ഭരണത്തില്‍ സിപിഎം സിപിഐയും ഭരണപങ്കാളിയാണ്. 1976 മുതല്‍ ചക്കിട്ടപാറ വില്ലേജിലെ കൊളത്തൂര്‍ എസ്റ്റേററ് ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കിയെങ്കിലും പട്ടയം യഥാസമയം നല്‍കിയിരുന്നില്ല. 2010ല്‍ 42 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. 30 പേര്‍ക്കു ചില സാങ്കേതിക തടസങ്ങളാല്‍ പട്ടയം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ മിച്ചഭൂമിയില്‍ 126  ഭൂരഹിതര്‍ കുടില്‍ കെട്ടി താമസിച്ചു വരുന്നുണ്ട്.

നീതി ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ ഇവര്‍ നടത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2010ല്‍ പട്ടയം ലഭിക്കേണ്ടവരുടെ ലിസ്റ്റ് റവന്യൂ വകുപ്പ് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തുടര്‍നടപടികളുണ്ടായില്ല.  ഈ സാഹചര്യത്തിലാണ് പുതിയ ലിസ്റ്റിനുള്ള നീക്കം ചിലര്‍ നടത്തുന്നതെന്ന് സിപിഐ ആരോപിക്കുന്നത്. ഇതിനെതിരേ ശക്തിയായി പ്രതികരിക്കാന്‍ പാര്‍ട്ടി മുതുകാട് ബ്രാഞ്ച് കമ്മിറ്റി യോഗം തീരുമാനിച്ചു. പാവപ്പെട്ട ഭൂരഹിതര്‍ക്കു പട്ടയം ലഭിക്കാനാവശ്യമായ നടപടി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ത്വരിതമായി നടത്തണമെന്നും ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഐ നേതാവുമായ പ്രേമന്‍ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. വിത്സന്‍ മംഗലത്ത്, എം.കെ. ഗോപി, ടി.കെ. സത്യന്‍, പി.എം. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts