തലശേരി: പുതിയ ബസ്‌സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ അറുപത്തിയഞ്ചുകാരനെ അടിച്ചു വീഴ്ത്തി അര ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി തലശേരി പോലീസിനെ നാല് മണിക്കൂര്‍ വട്ടം ചുറ്റിച്ചു. അന്വേഷണത്തിനൊടുവില്‍ കൊള്ളയടിക്കപ്പെട്ടത് ഒരു കുപ്പി മാഹി മദ്യമാണെന്ന് കണ്ടെത്തി. മദ്യപിച്ചു ലക്കുകെട്ടിരുന്ന പരാതിക്കാരന്റെ കെട്ടിറങ്ങിയപ്പോഴാണ് പരാതി അടിസ്ഥാന രഹിതമാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്. ഒടുവില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു പരാതിക്കാരനെതിരെ പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരനാണ് പുതിയ ബസ്‌സ്റ്റാന്‍ഡില്‍ വച്ച് അര ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന് കൊള്ളയടിച്ചതായി പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.
തലശേരിയിലെ പ്രമുഖന്റെ ബന്ധുവാണെന്നും കൂടി അവകാശപ്പെട്ടതോടെ പോലീസ് കൂടുതല്‍ ഊര്‍ജിതമായി. പട്ടാപ്പകല്‍ നടന്ന കൊള്ള പോലീസ് ഗൗരവമായി എടുത്തു. പോലീസ് സംഘം പരാതിക്കാരന്റെ മൊഴി വിശദമായി രേഖപ്പെടുത്തി. കഴിഞ്ഞ 35 വര്‍ഷമായി കോഴിക്കോട്ടെ വീട്ടില്‍ നിന്നും മദ്യപിക്കാനായി മാത്രം മാഹിയിലെത്തുന്നയാളാണ് പരാതിക്കാരന്‍. ബാറില്‍ വച്ച് രണ്ടുപേരെ പരിചയപ്പെട്ടു. അവര്‍ക്ക് തന്റെ ചെലവില്‍ തന്നെ മദ്യവും വാങ്ങിക്കൊടുത്തു. തുടര്‍ന്ന് മൂന്ന് പേരും ഒരുമിച്ച് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തി. തുടര്‍ന്നാണ് അവര്‍ രണ്ടുപേരും ചേര്‍ന്ന് തന്റെ പണം തട്ടിയെടുത്തതെന്നായിരുന്നു പരാതിക്കാരന്റെ മൊഴി. മാഹിയിലേക്ക് പോയ പോലീസ് സംഘം ബാറില്‍ നിന്നും തെളിവെടുത്തു. വര്‍ഷങ്ങളായി മദ്യപിക്കാനെത്തുയാളായതിനാല്‍ ബാറില്‍ ഇയാള്‍ക്ക് പ്രത്യേക മുറിയും പരിഗണനയുമുണ്ട്.
മദ്യപിച്ച് തുടങ്ങിയാല്‍ ബാറിലെത്തുന്ന പലര്‍ക്കും മദ്യം വാങ്ങിക്കൊടുക്കുക ഇയാളുടെ പതിവാണത്രെ. ശനിയാഴ്ചയും ഇത്തരത്തില്‍ രണ്ടുപേരെ ക്ഷണിച്ച് ഇയാള്‍ മദ്യം വാങ്ങിച്ചു കൊടുത്തതായി ബാര്‍ ജീവനക്കാര്‍ മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് ബാറിലെ സിസിടിവി ദൃശ്യങ്ങളും ന്യൂ മാഹി പോലീസ് എയ്ഡ് പോസ്റ്റ് സമീപത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ അന്വേഷണവുമായി പോലീസ് ഊര്‍ജിതമായി മുന്നോട്ട് പോകുമ്പോഴാണ് തന്റെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന ഇയാള്‍ പ്രഖ്യാപിച്ചത്.
മദ്യപാനത്തിനു ശേഷം ഒരു കുപ്പി മദ്യവും വാങ്ങി സഹകുടിയന്മാരോടൊപ്പം തലശേരിയിലെത്തിയ ഇയാളില്‍ നിന്നും കൂടെയുണ്ടായിരുന്നവര്‍ മദ്യക്കുപ്പിയാണത്രെ തട്ടിയെടുത്തത്. എന്നാല്‍ മദ്യ—ക്കുപ്പി തട്ടിയെടുത്തുവെന്ന് പരാതി പറഞ്ഞാല്‍ പോലീസ് ഉഷാറാവില്ലെന്നും പണം തട്ടിയെടുത്തുവെന്ന് പറഞ്ഞാല്‍ പ്രതികളെ കൈയോടെ പിടികൂടുമെന്നും ഒരാള്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ പരാതി നല്‍കിയതെന്നുമാണ് ഒടുവില്‍ പരാതിക്കാരന്റെ കുമ്പസാരം. പണത്തിനു പകരം താന്‍ വാങ്ങിയ മദ്യക്കുപ്പിയാണ് സഹകുടിയന്മാര്‍ തലശേരിയില്‍ തട്ടിയെടുത്തതെന്ന മൊഴിയും ഇയാള്‍ പോലീസിന് നല്‍കി.