പന്തളം: ഓഹരിവിപണി നിക്ഷേപത്തിലൂടെ തുക ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മമാരുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതിന് യുവതിയും ഇവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന പോലീസുകാരനെയും പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. മാവേലിക്കര കല്ലുമല വെട്ടുവേലില്‍ വീട്ടില്‍ റസിയ എന്നു വിളിക്കുന്ന രഞ്ജു(31), ആലപ്പുഴ കൈനകരി സ്റ്റേഷനിലെ പോലീസുകാരനായ താമരക്കുളം ഫസില്‍ മന്‍സിലില്‍ ഫസില്‍ ഖാന്(47) എന്നിവരെയാണ് എസ്ഐ റ്റി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
മറ്റൊരു പ്രതിയായ ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിനി രഞ്ചികല ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രഞ്ജു മാവേലിക്കര പോലീസ് സ്റ്റേഷനില്‍ സമാനമായ മറ്റൊരു കേസില്‍ പ്രതിയുമാണെന്ന് അറിയുന്നു. ഏറെക്കാലമായി തട്ടിപ്പ് നടത്തി വന്നിരുന്ന യുവതിക്കെതിരെ പന്തളം മങ്ങാരം സ്വദേശിനികളായ ഏതാനും പേരാണ് ഇന്നലെ അടൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ആദ്യമായി പരാതി നല്‍കുന്നത്. പന്തളം പോലീസിനു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, പന്തളം ചിത്രാ ആശുപത്രി കവലയ്ക്ക് സമീപമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജുവിനെയും ഫസിലിനെയും ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവര്‍ പല സ്ത്രീകളെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പണവും സ്വര്‍ണവുമായി 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. എന്നാല്‍, യുവതി നടത്തിയിരുന്ന ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു പോലീസുകാരന്റെ വാദം. ഇത് വിശ്വാസയോഗ്യമല്ലെന്നായിരുന്നു പരാതിക്കാരുടെയും നലപാട്. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഇതിനിടയില്‍, എല്ലാവരുടെയും പണം തിരികെ നല്‍കാമെന്ന പോലീസുകാരന്റെ ഉറപ്പില്‍ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.
പന്തളത്തെ ചില സിപിഎം നേതാക്കളും ഒത്തുതീര്‍പ്പിനായി ശ്രമം നടത്തിയതായി അറിയുന്നു. രഞ്ജുവിനൊപ്പം താമസിച്ചിരുന്ന ഫസില്ഖാന് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്നും ഈ ബന്ധം നിലനില്‍ക്കെയാണ് ഇയാള്‍ നാല് വര്‍ഷമായി യുവതിക്കൊപ്പം താമസമായതെന്നും പറയുന്നു. നേരത്തെ പന്തളത്ത് മുട്ടാറില്‍ ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നെങ്കിലും ഇവിടെയും ചില പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ താമസിച്ചിരുന്നിടത്തേക്ക് മാറുകയായിരുന്നത്രെ. താമരക്കുളം സ്വദേശിയായ ഫസില്ഖാന് എട്ട് മാസമായി മെഡിക്കല്‍ ലീവിലാണെന്നും അറിയുന്നു.