ആലപ്പുഴ: പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലയ്ക്കാനൊരുങ്ങിയ ദേശീയ പാത സ്ഥലമേറ്റെടുക്കല്‍ ഓഫീസുകള്‍ക്ക് പണം ലഭിക്കാന്‍ നടപടികളായി. കഴിഞ്ഞദിവസം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദേശീയപാത സ്ഥലമേറ്റെടുക്കല്‍ ഓഫീസുകളിലേക്കാവശ്യമായ പണം സംബന്ധമായ വിവരങ്ങള്‍ ദേശീയപാത സ്ഥലമേറ്റെടുക്കല്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നിന്നും ആരാഞ്ഞിരുന്നു. ഓഫീസുകളിലെ കറണ്ട് ചാര്‍ജ്,ടെലിഫോണ്‍ ചാര്‍ജ്, കെട്ടിട വാടക എന്നീയിനത്തില്‍ ഏകദേശം രണ്ടുലക്ഷത്തോളം രൂപ ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് റവന്യു കമ്മീഷണറേറ്റിന് നല്‍കുന്നതോടെ ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ പണം ലഭ്യമാകും.
ദേശീയപാത സ്ഥലമേറ്റെടുക്കല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസ്, കളര്‍കോട്, ചേപ്പാട്, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെപ്ഷ്യല്‍ വില്ലേജ് ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതായി കാട്ടി രാഷ്ട്രദീപിക കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ പണം അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്. ആറു വര്‍ഷം മുമ്പ് ചേര്‍ത്തല-കഴക്കൂട്ടം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായാണ് ദേശീയപാത വിഭാഗം സ്ഥലമേറ്റെടുക്കല്‍ ഓഫീസുകള്‍ സ്ഥാപിച്ചത്.
ദേശീയപാത അഥോറിട്ടിയുടെ കീഴിലായിരുന്നു ഓഫീസുകളുടെ പ്രവര്‍ത്തനം. ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കല്‍ അനന്തമായി നീണ്ടതോടെ പദ്ധതിയില്‍ നിന്ന് അഥോറിട്ടി പിന്‍വാങ്ങിയിരുന്നു. ഇതോടെയാണ് ഈ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായത്.