ബദിയഡുക്ക: സര്‍ക്കാര്‍ നിര്‍ധന കുടുംബംഗങ്ങള്‍ക്ക് നല്കുന്ന ധനസഹായം ഗുണഭോക്താവ് അറിയാതെ അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി പരാതി. ബദിയഡുക്ക പഞ്ചായത്തിലുള്ള വിധവയുടെ മകള്‍ക്കുള്ള ധനസഹായം മറ്റാരോ തട്ടിയെടുത്തതായാണു പരാതിയുയരുന്നത്. ബദിയഡുക്ക പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വിദ്യാഗിരി പഞ്ചിക്കലിലെ പരേതനായ പത്മനാഭ ദേവഡികയുടെ ഭാര്യ ഭാഗീരഥി(62)തന്‍െറ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവാഹ ധനസഹായത്തിന് 2007 ഫെബ്രുവരി 11ന് പഞ്ചായത്ത് സെക്രട്ടറിക്കു അപേക്ഷ നല്‍കിയിരുന്നു.
സഹായധനമായ 20000 രൂപ മകളുടെ വിവാഹത്തിനു മുമ്പ് ലഭിച്ചിരുന്നെങ്കില്‍ വലിയ ആശ്വാസമാകുമെന്നു കരുതി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങളും പറഞ്ഞ് മടക്കിയയക്കുകയായിരുന്നു. വീണ്ടും ഭാഗീരഥി പഞ്ചായത്തിന്റെ പടികയറാന്‍ തുടങ്ങിയതോടെ അപേക്ഷ കാണാതായെന്നും വീണ്ടും അപേക്ഷിക്കണമെന്നുയിരുന്നു നിര്‍ദേശം. ഗത്യന്തരമില്ലാതെ വീട്ടമ്മ വീണ്ടും അപേക്ഷ നല്കി.
ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പ് തുടര്‍ന്നെങ്കിലും പഞ്ചായത്തില്‍ നിന്നും വിവരമൊന്നും ലഭിച്ചില്ല. ഒടുവില്‍ ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു മാസം മുമ്പു അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ പഞ്ചായത്തു സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. ഇതിനുള്ള മറുപടി കഴിഞ്ഞദിവസം ഭാഗീരഥിക്ക് ലഭിച്ചു. പഞ്ചായത്തു സെക്രട്ടറി നല്കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു. താങ്കള്‍ 11.02.2007ല്‍ സമര്‍പ്പിച്ച വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിനുള്ള ധനസഹായത്തിന് അപേക്ഷ സമര്പ്പിച്ചപ്രകാരം താങ്കള്‍ക്ക് ധന സഹായം അനുവദിക്കുകയും ഡിഡി നമ്പര്‍ 8155 പ്രകാരം 3-5-2011ന് 20,000 രൂപയുടെ ഡിഡി താങ്കള്‍ നേരിട്ട് ഒപ്പിട്ടു വാങ്ങിയിട്ടുണെ്ടന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറഞ്ഞത്.
എന്നാല്‍ അങ്ങനെയൊരു ഡിഡി ഞാന്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് ഭാഗീരഥി പറയുന്നത്. തനിക്ക് അവകാശപ്പെട്ട ഡിഡി പഞ്ചായത്ത് അധികൃതരുടെ അറിവോടെ ആരോ തട്ടിയെടുത്തതായാണു പാവം വീട്ടമ്മയെ പറയുന്നത്. നിര്‍ധന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന പിന്തുണയോടെ ഇവര്‍ക്കു സഹായവുമായി ഒരുകൂട്ടം യുവാക്കള്‍ രംഗത്തുവന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്നും ഭാഗീരഥി പറഞ്ഞു.