വൈപ്പിന്‍: രാത്രിയില്‍ ആരുമില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഞാറക്കല്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. വൈപ്പിന്‍ അഴീക്കല്‍ പണിക്കരുപടിയില്‍ ഇത്തിപ്പറമ്പില്‍ ജോസിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത് . മകളുടെ പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നതിനാല്‍ കുടുംബനാഥനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട് അടച്ചുപൂട്ടി ഇരുവരും ആശുപത്രിയിലായിരുന്നു. നേരം വെളുത്ത് വീട്ടുകാര്‍ വീട്ടില്‍ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ഉടന്‍ ഞാറക്കല്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. രേഖകള്‍ ശേഖരിച്ചു. ലഭ്യമായ രേഖകള്‍ പരിശോധിച്ചു വരുകയാണ്. ഇതിനിടെ പോലീസ് വീട്ടുകാരില്‍ നിന്നും വിശദമായ മൊഴി ശേഖരിക്കുകയും സംശയമുള്ള ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. കൂടാതെ സമാന രീതിയിലുള്ള മുന്‍ മോഷണങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.