കുന്നംകുളം: ചാവക്കാട് ആസ്ഥാനമായ ഇസ്ലാമിക ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായ കുന്നംകുളം മലയാ ഗോള്‍ഡ് ഡയമണ്ട്‌സ് ഉടമ അബൂബക്കര്‍ ഹാജി വീണ്ടും നിര്‍ധനര്‍ക്ക് സഹായഹസ്തവുമായി സമൂഹത്തിന് മാതൃകയാകുന്നു. കുന്നംകുളം മേഖലയില്‍ രണ്ടു തവണകളിലായി പാവപ്പെട്ടവരായ പത്തു നിര്‍ധനരായവരുടെ സമൂഹ വിവാഹം നടത്തിയ അബൂബക്കര്‍ ഹാജി തന്റെ മൂന്നാമത്തെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഡിസംബറില്‍ നിര്‍ധനരായ പത്തുപേരുടെ സമൂഹവിവാഹം നടത്താനൊരുങ്ങുകയാണ്.
നേരത്തെ തന്റെ രണ്ടു മക്കളുടെയും വിവാഹത്തോടനബന്ധിച്ച് അദ്ദേഹം 20 പേര്‍ക്ക് പുതിയൊരു കുടുംബ ജീവിതത്തിന് വഴിയൊരുക്കിയിരുന്നു. തന്റെ മക്കളുടെ വിവാഹത്തിലെ ആര്‍ഭാട ചെലവ് ചുരുക്കി ആ തുക വിനിയോഗിച്ചാണ് അദ്ദേഹം സമൂഹത്തിന് വലിയൊരു സന്ദേശവും മാതൃകയാകുന്നത്.
20 വര്‍ഷക്കാലമായി പ്രവാസ ജീവിതം നടത്തിയ ഇദ്ദേഹം എന്തു സമ്പാദ്യം ഉണ്ടാക്കിയാലും അതില്‍ രണ്ടര ശതമാനം പാവങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന പിതാവിന്റെ ഉപദേശമനുസരിച്ചാണ് നിര്‍ധനര്‍ക്കായി പദ്ധതികള്‍ രൂപം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐഡിസിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിന് നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്‍കിയത്. കൊക്കാല ജുമ മസ്ജിദ് പുനര്‍നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍, കേരള മുസ്ലീം ജമാ അത്ത് ജില്ലാ ട്രഷറര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ച് അബൂബക്കര്‍ ഹാജി പൊതു രംഗത്തും സജീവമാണ്. കരിക്കാട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് ഡിസംബറിലെ സമൂഹ വിവാഹ ചടങ്ങ് നടത്തുന്നത്.