പാക്കിസ്ഥാന്‍ നരകമല്ല…! രമ്യ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി; രമ്യയെ കര്‍ണാടക മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

rEMYAബംഗളൂരു: പാക്കിസ്ഥാന്‍ സ്വര്‍ഗമാണെങ്കില്‍ രമ്യ അങ്ങോട്ട് പൊയ്‌ക്കൊള്ളാന്‍ ബിജെപി കര്‍ടണാടക പ്രസിഡന്റ് പ്രഹളാദ് ജോഷി. പാക്കിസ്ഥാന്‍ നരകമല്ലെന്ന രമ്യയുടെ പ്രസ്താവനെയ്‌ക്കെതിരേയായിരുന്നു ബിജെപിയുടെ നിലപാട്. കോണ്‍ഗ്രസ് വര്‍ഷങ്ങളായി രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നത്. രമ്യ പ്രിയപ്പെട്ട നേതാക്കന്മാരായ രാഹുല്‍ ഗാന്ധിക്കും ദിഗ്‌വിജയ് സിംഗിനുമൊപ്പം പാക്കിസ്ഥാനിലേക്ക് പോകുക- പ്രഹളാദ് പറഞ്ഞു.

രമ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി അഡ്വ. കെ. വിട്ടല ഗൗഡ കോടതിയെ സമീപിച്ചു. ഐപിസി 124(എ), 511 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് രമ്യക്കെതിരേ കുടക് ജില്ലയിലെ സംവാര്‍പേട്ട് കോടതിയില്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ പരാതി നല്കിയിരിക്കുന്നത്. കേസ് 27നു പരിഗണിക്കും. ഇന്ത്യയുടെ പരമ്പരാഗത ശത്രുവായ പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് രാജ്യത്തെ അപമാനിക്കുകയും ജനങ്ങളെ പ്രകോപിതരാക്കുകയും രമ്യ ചെയ്തതായി പരാതിയില്‍ പറയുന്നു.

അതേസമയം രമ്യയെ കര്‍ണാടക മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് ദേശീയ ദിനപത്രം റിപ്പോര്‍ട്ട്  ചെയ്യുന്നു. രമ്യയുടെ മന്ത്രി സഭാ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഡക്കാണ്‍ ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാക്കിസ്ഥാന്‍ നരകതുല്യമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോജ് പരീക്കര്‍ ഓഗസ്റ്റ് 16നു നടത്തിയ പ്രസ്താവന തെറ്റാണെന്നാണു രമ്യയുടെ നിലപാട്.  ഞാന്‍ ഭവ്യതയോടെ നിരസിക്കുന്നു, പാക്കിസ്ഥാന്‍ ഒരിക്കലും ഒരു നരകമല്ല: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഒരു വനിതാ റാലിയില്‍ പങ്കെടുക്കവേ രമ്യ പറഞ്ഞു. സാര്‍ക്ക് യൂത്ത് ഉച്ചകോടിക്കായി പാക്കിസ്ഥാനില്‍ ചെന്നിരുന്നു. സമാധാനം, ഐക്യം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയവയെക്കുറിച്ച് അവിടെവച്ച് സംസാരിച്ചു. തിരിച്ചെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ എങ്ങനെയുണ്ടെന്ന് എന്നോടു ചോദിച്ചു. ഇവിടെയുള്ളവരെപ്പോലെതന്നെയാണ് പാക്കിസ്ഥാനിലെ ആളുകളും. അവരുടേതു നല്ല പെരുമാറ്റമായിരുന്നു. നല്ല ബഹുമാനവും ആദരവുമാണ് ലഭിച്ചത്: രമ്യ പറഞ്ഞു.

പാക്കിസ്ഥാനെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും ഇപ്പോള്‍ ഇന്ത്യയിലുള്ള സാഹചര്യത്തില്‍ അതിയായ ദുഃഖമുണ്ടെന്നും സംഭവം വിവാദമായ പശ്ചാത്തലത്തില്‍ രമ്യ പ്രതികരിച്ചു. ധ്രുവീകരണവും വിദ്വേഷം ജനിപ്പിക്കലുമാണ് രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിര്‍ത്തികളാല്‍ തിരിക്കപ്പെട്ടെങ്കിലും മറ്റുള്ളവരെ നമ്മള്‍ വെറുക്കരുത്. സംസാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഒരാളുടെ ആശയം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും മാണ്ഡ്യയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്ന രമ്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യം അഞ്ച് തീവ്രവാദികളെ പാക്കിസ്ഥാനിലേക്കു മടക്കി അയച്ചെന്നും പാക്കിസ്ഥാനിലേക്കു ചെല്ലുന്നത് നരകത്തിലേക്കു ചെല്ലുന്നതിനു തുല്യമാണെന്നും ഓഗസ്റ്റ് 16നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതേസമയം, പാക്കിസ്ഥാനില്‍ രമ്യക്കു ലഭിച്ച നല്ല സ്വീകരണത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്നും രാഷ്ട്രീയ നേട്ടത്തിനായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതു ഗുണകരമല്ലെന്നും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Related posts