പാര്‍ട്ടി ജയിച്ചാല്‍ വി.എസ്. തോല്‍ക്കും പാര്‍ട്ടി തോറ്റാല്‍ വി.എസ്. ജയിക്കും! പ്രതിപക്ഷ നേതാവായി വിഎസിന്റെ പ്രവര്‍ത്തനത്തിന് 14 വയസ്

vsകെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: പാര്‍ട്ടി ജയിച്ചാല്‍ വി.എസ്. തോല്‍ക്കും പാര്‍ട്ടി തോറ്റാല്‍ വി.എസ്. ജയിക്കുമെന്നൊരു ചൊല്ലു മുമ്പു കേരളത്തില്‍ മുഴങ്ങിയിരുന്നു. ഈ ചൊല്ല് അന്വര്‍ഥമായപ്പോള്‍ വി.എസ്. അച്യുതാനന്ദനൊപ്പം ചരിത്രവും നടന്നു കയറി. ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്ന റിക്കാര്‍ഡ്.

ഇ.കെ. നായനാരുടെ പിന്‍ഗാമിയായി 1992ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വി.എസ്. അച്യുതാനന്ദന്‍ എന്ന സിപിഎം നേതാവിന്റെ അഴിമതിക്കും അനീതിക്കും എതിരേയുള്ള പോരാട്ടം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയുമുള്ള 14 വര്‍ഷം പ്രതിപക്ഷ നേതാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. സിപിഎം ജയിക്കുമ്പോള്‍ വി.എസ്. തോല്‍ക്കുമെന്ന ചൊല്ല് 2006ല്‍ മലമ്പുഴയിലെ മത്സരത്തിലൂടെ വി.എസ്. അച്യുതാനന്ദന്‍ തകര്‍ത്തു. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

1967, 1970 കളിലെ നിയമസഭയിലും വി.എസ്. അച്യുതാനന്ദന്‍ നേരത്തെ അംഗമായിരുന്നു. നിയമസഭയില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തിന്റെ പേരിലുള്ള റിക്കാര്‍ഡും വി.എസ് അച്യുതാനന്ദനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥിയും വി.എസ്. അച്യുതാനന്ദനാണ്. 93-ാം വയസില്‍ മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥിയായത്. തൊഴിലാളികളെ സംഘടിപ്പിച്ചു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ വി.എസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Related posts