തളിക്കുളം: കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി കൈതക്കല്‍ എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച തളിക്കുളം കോണ്‍ഗ്രസ് ക്യാമ്പ് കേരളത്തിന് മാതൃകയാണെന്ന് വി.എം. സുധീരന്. ഇതിനുചുക്കാന്പിടിച്ചവര് മാതൃകാപ്രവര്‍ത്തനമാണ് നടത്തിയെതന്നും തളിക്കുളം കോണ്‍ഗ്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സുധീരന് കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ഭയമുള്ള മോദിയെപോലെ പിണറായിയും മാധ്യമപ്രവര്‍ത്തരെ കാണുന്നില്ല. സിപിഎം നയപരിപാടികള്‍ക്ക് വിരുദ്ധമായ നിലപാടുള്ളവരെ ഉപദേഷ്ടാക്കളാക്കി പിണറായി വയ്ക്കുകയായണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന ദളിത് – ന്യൂനപക്ഷ വേട്ടയാണ് സിപിഎം നേതൃത്വം നല്കുന്ന കേരള സര്‍ക്കാരും ചെയ്യുന്നതെന്ന് സുധീരന് ആരോപിച്ചു. കോണ്‍ഗ്രസിന് ഗ്രൂപ്പിസം വേണ്ട. ആദ്യം വേണ്ടത് ജനങ്ങളാണ്. പിന്നെ പാര്‍ട്ടിയും അതിനുശേഷമെ ഇതര കാര്യങ്ങള്‍ വേണ്ടത്. ഗ്രൂപ്പിസം കൊണ്ട് ആശയപരമായി ഒന്നും നടക്കുന്നില്ല. വ്യക്തി അധിഷ്ഠിതവും സ്വാര്‍ഥതയുമാണ് എല്ലാ പാര്‍ട്ടികളിലുമുള്ള ഗ്രൂപ്പിസത്തില്‍ കാണുതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മണ്ഡലത്തിലെ 16 പേര്‍ക്ക് പെന്ഷന് വിതരണവും ഹരിത കൃഷി തൈ വിതരണവും സുധീരന് നിര്‍വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.എ. മാധവന് അധ്യക്ഷത വഹിച്ചു. ഒ. അബ്ദുറഹ്മാന് കുട്ടി, ടി.എന്‍. പ്രതാപന്, സുനില്‍ ലാലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍ക്കുശേഷം വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.