കോതമംഗലം: കുട്ടമ്പുഴയില്‍ കന്യാസ്ത്രി മഠത്തിലെ മതിലിലെ പൊത്തില്‍ ഒളിച്ച രാജവെമ്പാലയെ വനപാലകര്‍ പിടികൂടി. ഞായപ്പിള്ളി എഫ്സി കോണ്‍വന്റിന്റെ മതിലിലെ പൊത്തില്‍ ചൊവ്വാഴ്ച രാത്രിയില്‍ കയറിക്കൂടിയ രാജവെമ്പാലയെ ഇന്നലെ ഉച്ചയോടെ തട്ടേക്കാട് പക്ഷിസങ്കേതം വനപാലകരും വാച്ചര്‍മാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
മതിലിലെ പൊത്തിനകത്ത് കയറിയ പാമ്പിനെ കൈകള്‍കൊണ്ട് പിടികൂടുക ബുദ്ധിമുട്ടായിരുന്നു. നീളമുള്ള പ്ലാസ്റ്റിക്ക് പൈപ്പ് മാളത്തിനു മുമ്പില്‍ ഉറപ്പിച്ച് ബുധനാഴ്ച രാത്രി മുഴുവന്‍ നിരീക്ഷണത്തിന് വനപാലകരെ നിര്‍ത്തിയിരുന്നു.
പലകുറി കമ്പുപയോഗിച്ച് മതിലിലെ വിടവില്‍ കുത്തിയും അടിച്ചും ശബ്ദം ഉണ്ടാക്കിയെങ്കിലും പാമ്പ് പുറത്തുചാടിയില്ല. ഇന്നലെ ഉച്ചയോടെ പാമ്പ് പ്ലാസ്റ്റിക്ക് പൈപ്പിലേക്ക് ഇഴഞ്ഞു കയറുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടു. പൈപ്പിന്റെ ഒരു വശം പൊക്കുകയും മറുഭാഗത്ത് ചാക്കുവച്ച് കെട്ടുകയും ചെയ്തു. പാമ്പിന്റെ മുക്കാല്‍ ഭാഗവും പൈപ്പില്‍ എത്തിയതോടെ പൈപ്പ് ചെരിച്ച് ചാക്കിലേക്ക് പാമ്പിനെ വീഴ്ത്തി.
രാജവെമ്പാലയെ പിടികൂടുന്നതു കാണാന്‍ ധാരാളം പേര് സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ബുധനാഴ്ച പാലമറ്റത്തു നിന്നും ഞായപ്പിള്ളിയില്‍ നിന്നും പിടികൂടിയ രണ്ട് രാജവെമ്പാലകളെ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.ടി. ഔസേഫിന്റെ നേതൃത്വത്തില്‍ വാച്ചര്‍മാരായ കൊരട്ടികുന്നേല്‍ സ്റ്റീഫന്‍, ടി.എ. ഷാജി എന്നിവര്‍ ചേര്‍ന്നാണ് കോണ്‍വന്റ് മതിലിന്റെ പൊത്തില്‍ ഒളിച്ച പാമ്പിനെ പിടികൂടിയത്.