പയ്യന്നൂര്‍: അന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവായ ടി.സി.വി.നന്ദകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റഷന്‍ ഉപരോധിച്ചതിനു 400 പേര്‍ക്കെതിരേ കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍, കെ.രാഘവന്‍, പി.വി.കുഞ്ഞപ്പന്‍, ജി.ഡി.നായര്‍,കെ.വിജീഷ്, അഡ്വ.പി.സന്തോഷ്, പാവൂര്‍ നാരായണന്‍, ലിജിന്‍, സരിന്‍ ശശി, രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളേയും മറ്റു കണ്ടാലറിയാവുന്നവരേയും ഉള്‍പ്പെടുത്തി 400 പേര്‍ക്കെതിരെയാണു കേസ്.
പോലീസ് സ്‌റ്റേഷനിലും റോഡിലും മാര്‍ഗതടസം സൃഷ്ടിച്ചതിനാണു പോലീസ് കേസ്. സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ വരാന്തയില്‍ കയറി ഉപരോധം നടത്തുകയും മൈക്ക് ഉപയോഗിക്കുകയും ചെയ്തതു പോലീസിനു തലവേദനയായിട്ടുണ്ട്. മതില്‍ക്കെട്ടിനു പുറത്തു തടഞ്ഞാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന കാരണത്താലാണു തടയാതിരുന്നതെന്നാണു പോലീസിന്റെ വിശദീകരണം.