വല്ലാത്തൊരു പ്രസവമായി പോയി ഇത്. അല്ലാതെന്തു പറയാന്‍. ഡോക്ടറെ കണ്ടപ്പോള്‍ പറഞ്ഞത് ഇരട്ടകളാണെന്ന്. പ്രസവിച്ചപ്പോഴോ അഞ്ചെണ്ണം. അങ്ങ് ഉക്രൈയ്‌നിലാണ് ഈ പ്രസവം. ഉക്രൈയ്‌നിലെ ഒഡെസ സിറ്റിയിലെ ചെറിയ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്ന ഒക്‌സാന കൊബെളെറ്റ്‌സ്ക എന്ന 37കാരിയാണ് ഒറ്റയടിക്ക് അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്കിയത്. മൂന്ന് ആണും രണ്ടു പെണ്ണും.
പുതിയ അതിഥികളെക്കുറിച്ച് ഒക്‌സാനയുടെ ആദ്യ പ്രതികരണം ഇങ്ങനെ: ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി. കൂടിപ്പോയാല്‍ ഇരട്ടകള്‍. അത്രയെ കരുതിയിരുന്നുള്ളു. അഞ്ചുപേര്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആദ്യം ഒരു മരവിപ്പായിരുന്നു. എന്നാല്‍, ഇപ്പോള്‍ സന്തോഷം. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്.