മിര്‍പുര്‍: പരുക്കന്‍ ടീമുമായി ഇന്ത്യയും ശ്രീലങ്കയും ഏഷ്യാ കപ്പ് ട്വന്റി-20യില്‍ ഇന്നു നേര്‍ക്കുനേര്‍. ഫൈനല്‍ ഉറപ്പിക്കാനുള്ള അവസരമാണ് ധോണിക്കും കൂട്ടര്‍ക്കും മുന്നിലുള്ളത്. അതേസമയം, അകത്തേക്കോ പുറത്തേക്കോ എന്നറിയാത്ത അവസ്ഥയിലാണ് ലങ്ക. ഇരുടീമിനെയും വലയ്ക്കുന്നത് മുന്‍നിര താരങ്ങളുടെ പരിക്കാണ്. രാത്രി ഏഴിനാണു മത്സരം.
ശിഖര്‍ ധവാനു പിന്നാലെ സഹ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും പരിക്കേറ്റതാണ് ഇന്ത്യന്‍ ക്യാമ്പില്‍നിന്നുള്ള പ്രധാന വാര്‍ത്ത. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മുഹമ്മദ് അമീറിന്റെ യോര്‍ക്കര്‍ പാദത്തില്‍ കൊണ്ടതാണ് രോഹിതിനു വിനയായത്. എക്സ്റേയില്‍ പൊട്ടലൊന്നും കണ്ടില്ലെങ്കിലും താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ട്വന്റി-20 ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ രോഹിതിനെ കളിക്കാനിറക്കി പരിക്ക് വഷളാക്കേണ്ടന്ന നിലപാടാണ് ടീം മാനേജ്മെന്റിന്.
പാക്കിസ്ഥാനെതിരേ കളിക്കാതിരുന്ന ധവാന് ഇന്നും കളിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പുതിയൊരു ഓപ്പണിംഗ് ജോഡിയാകും ഇന്നിംഗ്സ് തുറക്കുക. പാര്‍ഥിവ് പട്ടേലാകും രഹാനെയുടെ പങ്കാളിയാകുക. ഐപിഎലിലും ഫാസ്റ്റ് ക്ലാസ് ട്വന്റി-20യിലും ഓപ്പണിംഗിനിറങ്ങിയ പരിചയം പാര്ഥിവിനുണ്ട്. അതേസമയം, ആദ്യമത്സരം മുതല്‍ പരിക്ക് അലട്ടുന്ന ധോണി ഇന്നും കളിച്ചേക്കും. ജയിച്ച് ഫൈനല്‍ ഉറപ്പിച്ചാല്‍ അവസാന മത്സരത്തില്‍ വിശ്രമമാകാമെന്നാണ് ധോണിയുടെ മനസിലിരുപ്പ്. ഇന്നലെ പരിശീലന സെഷനില്‍ ക്യാപ്റ്റന്‍ കൂള്‍ അത്ര സജീവമായിരുന്നില്ല.
ബാറ്റിംഗ് നിരയിലെ അസ്ഥിരത ഇന്ത്യയെ അലട്ടുന്നുണ്ട്. ട്വന്റി-20 സ്പെഷലിസ്റ്റ് സുരേഷ് റെയ്നയുടെ മങ്ങിയ ഫോം മധ്യനിരയില്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് അടിച്ചുതകര്‍ക്കേണ്ട അവസാന ഓവറുകളില്‍. തിരിച്ചുവരവില്‍ ഫോം കണെ്ടത്താന്‍ വിഷമിക്കുന്നുണെ്ടങ്കിലും യുവ്രാജ് സിംഗില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കാം. ബൗളര്‍മാര്‍ തകര്‍ത്തെറിയുന്നതാണ് ആശ്വാസം. ആശിഷ് നെഹ്റയും ജസ്പ്രീത് ബുംറെയും തുടക്കത്തില്‍ തന്നെ വിക്കറ്റെടുത്ത് എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നു. ആര്. അശ്വിനും രവീന്ദ്ര ജഡേജയും മധ്യ ഓവറുകളില്‍ റണ്‍ വഴങ്ങാന്‍ പിശുക്കു കാണിക്കുന്നുണ്ട്.
ശ്രീലങ്കന്‍ ക്യാമ്പിലെ കാര്യങ്ങളാണു കഷ്ടം. പരിക്കുമൂലം ക്യാപ്റ്റന്‍ ലസിത് മലിംഗ ഇന്നും കളിക്കില്ലെന്നുറപ്പായി. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ മലിംഗയെ പരിക്ക് വീണ്ടും പിടികൂടുകയായിരുന്നു. ബംഗ്ലാദേശിനെതിരേ ടീമിനെ നയിച്ച എയ്ഞ്ചലോ മാത്യൂസ് തന്നെയാകും ഇന്നും നായകന്. ബംഗ്ലാദേശിനോടേറ്റ തോല്‍വി ലങ്കയുടെ ഫൈനല്‍ പ്രവേശനത്തിനു തിരിച്ചടിയായിട്ടുണ്ട്. ഇന്നു ജയിച്ചാലും അവസാന മത്സരത്തില്‍ നേരിടേണ്ടത് ശക്തരായ പാക്കിസ്ഥാനെയാണ്.
ബാറ്റിംഗിലും ബൗളിംഗിലും ഒറ്റയ്ക്കു മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളില്ലെന്നതാണ് ദ്വീപുകാരെ അലട്ടുന്നത്. തിലകരത്ന ദില്ഷാന് പഴയ ഫോമിന്റെ നിഴലാണ്. കുറച്ചെങ്കിലും ആശ്രയിക്കാവുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് ചണ്ഡിമലിനെ മാത്രമാണ്. മാത്യൂസും ബാറ്റു കൊണ്ട് മികച്ചൊരു കളി പുറത്തെടുത്തിട്ടു നാളേറെയായി. ഇന്ത്യയോട് കഴിഞ്ഞ മാസം 2-1ന്റെ തോല്വിയേറ്റതിനു പകരം വീട്ടുകയാണു ലക്ഷ്യമെന്നു ലങ്കന്‍ താരങ്ങള്‍ പറയുന്നുണെ്ടങ്കിലും എത്രത്തോളം നടക്കുമെന്നു കണ്ടറിയണം.