ബസ് സ്റ്റാന്‍ഡ് കവാടം തകര്‍ന്നു; മരണക്കുഴിയില്‍പെട്ട് വാഹനങ്ങള്‍

kkd-roadവടകര: വടകര പുതിയ സ്റ്റാന്‍ഡിലെ പ്രവേശന കവാടം പൊട്ടിപ്പൊളിഞ്ഞത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി. മാസങ്ങളായി രൂപപ്പെട്ട കുഴി ഇപ്പോള്‍ വന്‍ ഗര്‍ത്തമായി മാറിയിരിക്കുകയാണ്.  ഇരുചക്രവാഹനങ്ങള്‍ ഇതില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ നിത്യസംഭവമാണ്. പുതിയ സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് വാഹനങ്ങള്‍ പുറത്തേക്ക് പോകുന്ന വഴിയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. നിരവധി തവണ കച്ചവടക്കാരും ഡ്രൈവര്‍മാരും ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.

നാരായണ നഗരത്തിലെ സിഗ്നലിനടുത്തുള്ള സ്ഥലമായതിനാല്‍ സിഗ്നലില്‍ കുരുങ്ങാതിരിക്കാന്‍ വാഹനങ്ങള്‍ ഇവിടെ മരണപ്പാച്ചിലാണ്. ഇതുവഴി റോഡ് മുറിച്ചുകടന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുകയെന്നത് കാല്‍നടയാത്രക്കാര്‍ക്കും ക്ലേശകരമാണ്. വടകരയിലെ പല സ്ഥലങ്ങളിലെയും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുന്നുണ്ടെങ്കിലും നഗരഹൃദയത്തിലെ ഈ മരണക്കുഴി അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

Related posts